ആഗോള അയ്യപ്പസംഗമം 20ന്, പമ്പയില്‍ ഒരുക്കങ്ങളായി
1591481
Sunday, September 14, 2025 3:41 AM IST
പത്തനംതിട്ട: 20നു പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപപ്രദേശത്ത് ജര്‍മന്‍ സാങ്കേതികവിദ്യയില്‍ 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രധാന പന്തലിന്റെ നിര്‍മാണം ആരംഭിച്ചു.
ഉദ്ഘാടനസമ്മേളനം നടക്കുന്ന പ്രധാന പന്തല്‍ 3000 ആളുകളെ ഉള്‍ക്കൊള്ളുന്നതാണ്. വിഐപികളെ സ്വീകരിച്ചിരുത്താന്‍ പ്രത്യേക ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍, വിശ്രമമുറികള്‍, എക്സിബിഷന് ഹാള്‍ തുടങ്ങിയവ പ്രത്യേകം നിര്‍മിക്കും. പ്ലൈവുഡ് നിരത്തിയാണ് തറ ഒരുക്കുന്നത്. മുകളില്‍ ചൂട് ഇറങ്ങാത്ത ഷീറ്റുകള്‍ വിരിക്കും.
ഇന്നും നാളെയുമായി ക്രെയിന്‍ ഉപയോഗിച്ച് മേല്‍ക്കൂര ഉയര്‍ത്തും. എല്ലാ പന്തലുകളിലും ശീതീകരണ സംവിധാനമുണ്ട്. എറണാകുളം കേന്ദ്രമായ ഏജന്‍സിക്കാണ് പന്തലിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്. 14 തൊഴിലാളികളാണ് പന്തല്‍ നിര്‍മിക്കുന്നത്. ശബരിമല വികസനം പ്രധാന അജൻഡയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. വിദേശങ്ങളില്‍നിന്നുള്ള പ്രതിനിധികളടക്കം എത്തുന്നുണ്ട്.
അന്താരാഷ്ട്ര നിലവാരത്തില്‍ സമ്മേളനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് പമ്പയില്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സ്ഥിരം പന്തലുകളും പൂർത്തിയാകും
തീര്‍ഥാടകരുടെ കൂടി സൗകര്യാര്‍ഥം പമ്പയില്‍ നിര്‍മാണത്തിലിരിക്കുന്ന സ്ഥിരം നടപ്പന്തലുകള്‍ അയ്യപ്പസംഗമത്തിന് മുന്നോടിയായി നാളെയോടെ പൂര്‍ത്തിയാകും. നാലു പന്തലുകളാണ് നിര്‍മാണത്തിലുള്ളത്. മേല്‍ക്കൂരയും തറയുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കഴിഞ്ഞ തീര്‍ഥാടനകാലത്തിനു മുന്‍പായി ആറു പന്തലുകള്‍ നിര്‍മിച്ചിരുന്നു.
പമ്പയിലെ മരാമത്ത് ഓഫീസിന്റെയും ഗസ്റ്റ് ഹൗസിന്റെയും പെയിന്റിംഗ് ജോലികളും ടോയ്ലറ്റിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. വൃക്ഷത്തറകളുടെയും കല്പ്പടവുകളുടെയും അറ്റകുറ്റപ്പണികള്‍ പൂരോഗമിക്കുന്നു. പമ്പ ഗണപതി ക്ഷേത്രത്തിലും പരിസരത്തും അറ്റകുറ്റപ്പണികള്‍ ഇന്ന് ആരംഭിക്കും.