ഏറത്ത് നെടുംകുന്നുമല ടൂറിസം പദ്ധതിക്ക് തുടക്കം
1591492
Sunday, September 14, 2025 3:52 AM IST
അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ നെടുംകുന്നുമല കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതിക്ക് തുടക്കമാകുന്നതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പദ്ധതി പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ പ്രാഥമിക ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിന് നിർവഹണച്ചുമതല ഏറ്റെടുത്തിട്ടുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ സിവിൽ എൻജിനിയറിംഗ് ടീമിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ പദ്ധതി പ്രദേശം സന്ദർശിച്ചു.
3.5 കോടി രൂപ അടങ്കൽ തുകയുള്ള സമഗ്ര ടൂറിസം പദ്ധതിയുടെ പ്രാഥമിക ഘട്ടമായി 50 ലക്ഷംരൂപയുടെ പദ്ധതിക്കാണ് നിലവിൽ അനുമതി ലഭ്യമായത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഡെപ്യൂട്ടിസ്പീക്കർ നൽകിയ 2023 -24 ബജറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച സമഗ്രപദ്ധതിയുടെ ഒന്നാം ഘട്ടം എന്ന നിലയിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്.
പ്രാഥമിക ഘട്ടത്തിൽ നെടുംകുന്നുമല വ്യൂ പോയിന്റിലേക്ക് എത്തിച്ചേരുന്നതിന് മൂന്നു മീറ്റർ വീതിയിലുള്ള 300 മീറ്റർ വഴി, വഴിയുടെ വശം ചേർന്ന് ഹാൻഡ് റെയിൽ സംവിധാനം, സീറ്റിംഗ് സംവിധാനങ്ങൾ, ടോയ്ലറ്റ്, മാലിന്യസംസ്കരണ ക്രമീകരണങ്ങൾ, വിശാലമായ ചിൽഡ്രൻസ് പാർക്ക് നിർമാണത്തിനായുള്ള പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ള ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലാ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ മുഖാന്തിരമാണ് അനുബന്ധ സമഗ്രപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഡിമെ ബാഗ് സൊലുഷൻ ലിമിറ്റഡ് കമ്പനിക്കാണ് ടെൻഡറിലൂടെ പദ്ധതിയുടെ നിർവഹണ കരാർ ലഭിച്ചത്.
അടൂർ ടൗണിൽനിന്ന് ആറു കിലോമീറ്റർ മാത്രം ദൂരത്തായുള്ള ഈ പ്രദേശം ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് സാഹസിക ടൂറിസത്തിനടക്കം അനുയോജ്യ സാധ്യതകളുള്ള സ്ഥലമാണ്. ഒന്നാംഘട്ട പ്രാഥമിക പദ്ധതികൾ പൂർത്തീകരിച്ച് സമയബന്ധിതമായി സമഗ്ര ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
സമഗ്രപദ്ധതിയിൽ 12 മീറ്റർ വീതം ഉയരമുള്ള രണ്ടു വാച്ച് ടവറുകൾ, കുട്ടികൾക്കുള്ള അഡ്വഞ്ചറസ് അമ്യൂസ്മെന്റ് പാർക്ക്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, സ്നാക് ബാർ, ലാൻഡ് സ്കേപ്പിംഗ്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെട്ടുള്ള ശില്പ ചിത്രീകരണങ്ങളടക്കം പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെതന്നെ ശ്രദ്ധേയമായ ഒരു ടൂറിസം കേന്ദ്രമായി മാറുനനതിനുള്ള സാധ്യതയാണ് തെളിയുന്നതെന്നും ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.