കോന്നി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണം: വില്ലേജ്തലത്തിൽ യോഗങ്ങൾ
1509157
Wednesday, January 29, 2025 3:35 AM IST
പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിൽ അർഹരായവർക്കു പട്ടയം ലഭ്യമാക്കുന്നതിലേക്ക് വില്ലേജ് തലത്തിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനം. പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ, കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദേശം നൽകി.
ചിറ്റാർ, സീതത്തോട്, കോന്നി താഴം, കലഞ്ഞൂർ, അരുവാപ്പുലം വില്ലേജുകളിൽ മൂന്നുമാസം കൊണ്ടും ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ച തണ്ണിത്തോട് വില്ലേജിൽ ഇനി സർവേ ചെയ്യാനുള്ള കൈവശക്കാരുടെ ഭൂമിയിൽ ഒരു മാസം കൊണ്ടും സർവേ നടപടികൾ പൂർത്തീകരിക്കും.
15 ദിവസം കൂടുമ്പോൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവേ നടപടികൾ അവലോകനം ചെയ്യും. എംഎൽഎയും ജില്ലാ കളക്ടറും പങ്കെടുത്ത് വില്ലജ് തലങ്ങളിൽ യോഗം ചേരും. യോഗത്തിൽ അതത് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, സർവേ ഉദ്യോഗസ്ഥർ, സർവേ ടീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
നാളെ രാവിലെ പത്തിന് സീതത്തോട്, 11ന് ചിറ്റാർ, 12ന് തണ്ണിത്തോട്, രണ്ടിന് കോന്നി താഴം, മൂന്നിന് അരുവാപ്പുലം, നാലിന് കലഞ്ഞൂർ വില്ലേജുകളിലെ യോഗം അതത് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആർ. പ്രമോദ്, രേഷ്മ മറിയം റോയ്, ചിറ്റാർ വൈസ് പ്രസിഡന്റ് രവികല എബി, തണ്ണിത്തോട് പഞ്ചായത്ത് അംഗങ്ങളായ കെ. ജെ. ജെയിംസ്, സത്യൻ, പത്മ കുമാരി, സുലേഖ ടീച്ചർ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി. തോമസ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ ബിനു, ജില്ലാ പട്ടികവർഗ ഓഫീസർ നജിം, കോന്നി തഹസിൽദാർ സുധീപ്, ഭൂരേഖ തഹസിൽദാർ വിജു കുമാർ റവന്യൂ, സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.