സഹപാഠികൾക്ക് കിടങ്ങന്നൂർ സ്കൂളിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1509152
Wednesday, January 29, 2025 3:35 AM IST
കോഴഞ്ചേരി: സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയുമായി കിടങ്ങന്നൂര്‍ ശ്രീവിജയാനന്ദ ഗുരുകുലം വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ.
കഴിഞ്ഞദിവസംവരെയും തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന അനന്ദുനാഥിന്റെയും അഭിരാജിന്റെയും ചേതനയറ്റ ശരീരങ്ങൾ ഇന്നലെ സ്കൂൾ മുറ്റത്ത് പൊതുദർശനത്തിനുവച്ചപ്പോൾ കണ്ണീർക്കണങ്ങളോടെയാണ് സഹപാഠികളും അധ്യാപകരും യാത്രയയച്ചത്.
ശനിയാഴ്ച വൈകുന്നേരം പിഐപി കനാലില്‍ മുങ്ങിമരിച്ച പത്താംക്ലാസ് ബി ഡിവിഷനിലെ വിദ്യാർഥികളായ ഉള്ളന്നൂര്‍ കാരിത്തോട്ട മഞ്ജു വിലാസത്തില്‍ അനന്ദു നാഥ് (15), മെഴുവേലി സുരേന്ദു ഭവനില്‍ അഭിരാജ് (15) എന്നിവർക്കാണ് ഇന്നലെ സ്കൂൾ അന്തിമോപചാരം അർപ്പിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ പുറത്തെടുത്ത് പൊതുദർശനത്തിനായി സ്കൂളിലേക്ക് എത്തിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ അഭിരാജിന് എസ്പിസി കേഡറ്റുകള്‍ ഔദ്യോഗികമായി സല്യൂട്ട് നല്‍കിയത് വികാര നിർഭരമായി. ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ച കുട്ടികളുടെ ദാരുണാന്ത്യം കുട്ടികളെയും അധ്യാപകരെയും ഒരുപോലെയാണ് ദുഃഖത്തിലാഴ്ത്തിയത്.
സ്കൂളിലെത്തിച്ച മൃതദേഹങ്ങളില്‍ സ്കൂളിലെ പ്രധാനാധ്യാപിക മായാദേവിയും അധ്യാപകരും പിടിഎ അംഗങ്ങളും കണ്ണീരോടെയാണ് പുഷ്പചക്രം അര്‍പ്പിച്ചത്. വ്യത്യസ്ത മേഖലകളില്‍നിന്നും നിരവധിയാളുകളും ജനപ്രതിനിധികളുമാണ് സ്കൂളില്‍ എത്തിച്ചേര്‍ന്നത്. ഉച്ചകഴിഞ്ഞ് വീടുകളില്‍ ആചാര പ്രകാരം മൃതദേഹം സംസ്കാരിച്ചു.