ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും വാങ്ങാൻ 15.62 ലക്ഷം അനുവദിച്ചു
1509158
Wednesday, January 29, 2025 3:35 AM IST
കോന്നി: മണ്ഡലത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിന് 15.62 ലക്ഷം രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. നിർമാണം പൂർത്തീകരിച്ച കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിനു 1.31 ലക്ഷം രൂപയും ഉദ്ഘാടനത്തിന് ഒരുങ്ങുന്ന വള്ളിക്കോട കുടുംബാരോഗ്യകേന്ദ്രത്തിന് 5.81 ലക്ഷം രൂപയും നിർമാണം പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിക്ക് 8.5 ലക്ഷം രൂപയും ആരോഗ്യ കേരളം ഫണ്ടിൽനിന്നാണ് അനുവദിച്ചത്.
എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.25 കോടി രൂപയ്ക്കു നിർമാണം പൂർത്തീകരിച്ച കൂടൽ ഗവ. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. കൂടൽ ഗവ. ആശുപത്രിയുടെ 6.62 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണജോലികൾ പുരോഗമിക്കുകയാണ്.
എംഎൽഎ ഫണ്ടും ആരോഗ്യ കേരളം ഫണ്ടും ഉപയോഗിച്ച് ഒരുകോടി രൂപയ്ക്ക് വള്ളിക്കോട് ഗവ. ആശുപത്രിയുടെ നിർമാണജോലികൾ പൂർത്തീകരിച്ചിരുന്നു. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിക്കുമ്പോൾ ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതിനാണ് 5.81 ലക്ഷം രൂപ.
12 കോടി രൂപയ്ക്ക് നിർമാണം പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിലെയും ഓപ്പറേഷൻ തിയറ്ററിലെയും യുപിഎസ് വാങ്ങുന്നതിനും ഒപി നവീകരണത്തിനുമായാണ് 8.5 ലക്ഷം രൂപ അനുവദിച്ചത്.