അയിരൂരിൽ പ്രസിഡന്റിനും മെംബർക്കുമെതിരേ സിപിഎം നടപടി; ഭരണം പ്രതിസന്ധിയിലേക്ക്
1509150
Wednesday, January 29, 2025 3:35 AM IST
കോഴഞ്ചേരി: സിപിഎം ഭരിക്കുന്ന അയിരൂർഗ്രാമപഞ്ചായത്തിൽ പാർട്ടി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ബിജെപി നടത്തിയ അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെ സ്റ്റാൻഡിംഗ് കമ്മിറ്റി നഷ്ടമായതു മാത്രമല്ല, സ്വന്തം അംഗങ്ങളുടെ രാഷ്ട്രീയ വിശ്വാസ്യതയ്ക്കുതന്നെ കോട്ടം തട്ടിയതായി പാർട്ടി വിലയിരുത്തൽ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്പിളി പ്രഭാകരൻ നായരെ സിപിഎമ്മിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മുൻ പ്രസിഡന്റ് അനിത കുറുപ്പിനെ അയിരൂർ നോർത്ത് ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തുമാണ് സിപിഎം നടപടി ആരംഭിച്ചിരിക്കുന്നത്. അമ്പിളി പ്രഭാകരന് നായര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിനെയും അനിത കുറുപ്പ് പതിനാലാം വാര്‍ഡിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വികസനസമിതി സ്ഥിരം അധ്യക്ഷയുമായിരുന്ന പതിനാറാം വാർഡ് മെംബർ ശ്രീജ വിമൽ മെംബർ സ്ഥാനം രാജിവച്ചതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്കു കാരണമായത്. ശ്രീജ വിമൽ രാജിവച്ചതിനെത്തുടർന്ന് വികസന സ്ഥിരം സമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പാണ് പ്രസിഡന്റിനും മെംബർക്കുമെതിരേ നടപടിയിലേക്ക് നീങ്ങയത്.
സിപിഎം ലോക്കല്‍ കമ്മിറ്റി മെംബര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായരുടെ വോട്ട് തെരഞ്ഞെടുപ്പില്‍ അസാധുവായതിനെ ത്തുടര്‍ന്ന് ബിജെപി സ്ഥിരം സമിതിയിൽ ഭൂരിപക്ഷം നേടുകയും നറുക്കെടുപ്പിലൂടെ അനുരാധ ശ്രീജിത്ത് സമിതി അധ്യക്ഷയാകുകയും ചെയ്തു.
2000 മുതല്‍ തുടര്‍ച്ചയായി ഗ്രാമപഞ്ചായത്ത് മെംബറായി തുടരുന്ന അമ്പിളി പ്രഭാകരന് നായർ തന്റെ വോട്ട് ബോധപൂർവം അസാധുവാക്കിയെന്നാണ് ലോക്കൽ കമ്മിറ്റിയുടെ നിഗമനം. ബിജെപി മത്സരിക്കുന്ന ഒരു സമിതിയിലേക്കുള്ള വോട്ട് അസാധുവാക്കിയതിലുള്ള ഗുണം സംഘപരിവാര്‍ ശക്തികൾക്കു ലഭിച്ചതിന്റെ ഉത്തരവാദിത്വം പ്രസിഡന്റിനുണ്ടെന്നും കമ്മിറ്റി വിലയിരുത്തി.
വോട്ട് ബോധപൂർവം അസാധുവാക്കി ബിജെപിയെ സഹായിച്ചുവെന്ന കോൺഗ്രസ് പ്രചാരണവും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ലോക്കൽ കമ്മിറ്റിയുടെ നടപടി ശിപാർശ ഏരിയാ കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ അനുമതിയും ഇതിനു ലഭിച്ചിട്ടുണ്ട്.
സസ്പെന്ഷന് കാലാവധി കഴിഞ്ഞാല്‍ പാര്‍ട്ടി തീരുമാനിക്കുന്ന ഘടകത്തില്‍ മാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. പഞ്ചായത്ത് പ്രസിഡന്റെന്ന പരിഗണനയും ആസന്നമായ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് സസ്പെൻഷൻ കാലാവധി ആറുമാസത്തേക്കു ചുരുക്കിയത്.
സിപിഎം അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാര്‍ലമെന്ററി പാർട്ടി അധ്യക്ഷയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് വികസനസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്. ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ അമ്പിളി പ്രഭാകരന്‍നായരുടെ വോട്ട് അസാധുവാകില്ലായിരുന്നുവെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തിയത്.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ അനുരാധ ശ്രീജിത്ത്, സിപിഎമ്മിലെ അനിത കുറുപ്പ്, കോണ്‍ഗ്രസിലെ ശ്രീകല ഹരികുമാര്‍ എന്നിവരാണ് മത്സരിച്ചത്. മൂന്നുപേര്‍ക്കും ഓരോ വോട്ട് ലഭിച്ചതിലൂടെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അംഗം വിജയിച്ചത്. സിപിഎമ്മിലെ അഭ്യന്തര പ്രശ്നങ്ങളാല്‍ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ശ്രീജ വിമൽ രാജിവച്ചതിനെത്തുർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഇതു മുന്‍കൂട്ടിയറിഞ്ഞ ബിജെപി തങ്ങൾക്കു വനിതാപ്രാതിനിധ്യമില്ലാത്ത വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായിരുന്ന സോമശേഖരൻ പിള്ളയെ രാജിവയ്പിച്ച് അനുരാധ ശ്രീജിത്തിനെ മത്സരിപ്പിക്കുകയായിരുന്നു. സിപിഎം സ്ഥാനാർഥിയായി നാലാം വാർഡ് മെബർ പ്രഭാവതിയും മത്സരിച്ചു.
പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റിയംഗവുമായി അമ്പിളി പ്രഭാകരന് നായുടെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന് രണ്ടു പേര്‍ക്കും അഞ്ചു വോട്ടുകൾ വീതം ലഭിക്കുകയും നറുക്കെടുപ്പിലൂടെ ബിജെപി പ്രതിനിധി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപി നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ അയിരൂരിൽ സിപിഎമ്മിന്റെ അടിപതറിയതായി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ അഭിപ്രായപ്പെട്ടു.