ശബരിമല: സർക്കാർ തീർഥാടകരോടു കാട്ടുന്നത് ദ്രോഹമെന്ന് സുരേന്ദ്രൻ
1377671
Tuesday, December 12, 2023 12:12 AM IST
പത്തനംതിട്ട: ശബരിമല തീർഥാടകരോടു സർക്കാർ കാട്ടുന്നത് തികഞ്ഞ അവഗണനയും അനീതിയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
തിക്കും തിരക്കും കാരണം തീർഥാടകർ നരകിക്കുകയാണ്. മണിക്കൂറുകൾ ക്യൂ നിന്നാണ് പലർക്കും ദർശനം സാധ്യമാകുന്നത്. പലരും മടങ്ങിപ്പോരേണ്ടിവരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ക്യൂവിൽ ഏറെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ ഒരു കുട്ടിയുടെ മരണം നരകയാതനയേ തുടർന്നുള്ളതാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തിരക്ക് നിയന്ത്രിക്കന്നതിൽ പോലീസ് സംവിധാവും ദേവസ്വം ബോർഡും പരാജയപ്പെട്ടു. തിരക്ക് നിയന്ത്രണത്തിൽ മുൻ പരിചയമുള്ള പോലീസുകാരുടെ അഭാവം കാരണം എല്ലാം കുത്തഴിഞ്ഞ നിലയിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ പിന്നാലെയാണ്. തീർഥാടന ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിൽ ദേവസ്വം മന്ത്രി ഒരു പരാജയമാണ്. ഇത്രയധികം വിഷയങ്ങളുണ്ടായിട്ടും മന്ത്രി ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
ശബരിമലയിൽ തീർഥാടകർ നേരിടുന്ന ദുരിതം സർക്കാരിനു മുന്പിൽ ഒരു വിഷയമേ അല്ല. ദേവസ്വം ബോർഡും പോലീസും തമ്മിലുള്ള ശീതസമരമാണ് വിഷയം ഇത്രയും വഷളാക്കിയത്. ഒരു ലക്ഷം ആളുകൾ സുഗമമായി ദർശനം നടത്തിയിരുന്ന ക്ഷേത്രത്തിൽ ഇപ്പോൾ അരലക്ഷം ആളുകൾ എത്തിയാൽപ്പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്. പരിചയസന്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് ഇതിനു പ്രധാന കാരണം.
അടിയന്തരമായി ഒരു മന്ത്രിയേയും വിദഗ്ധരായ ഉദ്യോഗസ്ഥരെയും ശബരിമലയിലേക്ക് അയയ്ക്കാൻ സർക്കാർ തയാറാകണം. ആർഎഎഫ് സംഘത്തിന്റെ സഹായം തേടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.