ഗവി ഉല്ലാസയാത്ര ലാഭകരമെങ്കിലും ഓടിക്കാൻ നല്ല ബസുകളില്ല
1548842
Thursday, May 8, 2025 3:32 AM IST
പത്തനംതിട്ട: കെഎസ്ആർടിസിയുടെ ടൂറിസം പാക്കേജിൽ ഏറ്റവും ലാഭകരമായി ഓടുന്ന ഗവി യാത്രയ്ക്ക് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും മികച്ച പ്രതികരണം ലഭിക്കുന്പോഴും ഓടിക്കാൻ നല്ല ബസുകളില്ല. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോ കേന്ദ്രീകരിച്ചുള്ള ഗവി യാത്രാ പാക്കേജാണ് കെഎസ്ആർടിസിയെ ടൂറിസം യാത്രകൾക്കുതന്നെ പ്രേരിപ്പിച്ചത്.
എന്നാൽ 70 കിലോമീറ്റർ കാനനപാതയിലൂടെ സഞ്ചരിക്കേണ്ടതിനാൽ കട്ട് ചെയ്സ് ബസുകളാണ് ഗവി യാത്രയ്ക്ക് വേണ്ടത്. എന്നാൽ ഇത്തരം ബസുകൾ കെഎസ്ആർടിസി പുതുതായി വാങ്ങുന്നില്ല. നിലവിലുള്ള കട്ട് ചെയ്സ് ബസുകൾ പത്തനംതിട്ട ഡിപ്പോ കേന്ദ്രീകരിച്ച് ടൂറിസം പാക്കേജിനായി ഉപയോഗിച്ചു വരികയാണ്. ഇതിനൊപ്പമാണ് പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവി വഴി പ്രതിദിനം രണ്ട് ഷെഡ്യൂളുകൾ നടത്തുന്നത്.
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും ഗവി യാത്രാ പാക്കേജ് കെഎസ്ആർടിസി നടപ്പാക്കുന്നുണ്ട്. പത്തനംതിട്ടയിലെത്തിച്ച് ഇവിടെനിന്ന് കട്ട് ചെയ്സ് ബസുകൾ ലഭ്യമെങ്കിൽ അവയിൽ യാത്രക്കാരെ കയറ്റി അയയ്ക്കുകയാണ് പതിവ്. എന്നാൽ യാത്രയ്ക്ക് അനുയോജ്യമായ ബസുകൾ പലപ്പോഴും പത്തനംതിട്ട ഡിപ്പോയിലുണ്ടാകാറില്ല.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇതര ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ തന്നെ ടൂർ പാക്കേജിൽ അയയ്ക്കുകയാണ് പതിവ്. ഗവി യാത്രയ്ക്കു പോകുന്ന ബസുകൾ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു തവണ കാനനപാതയിൽ കുടുങ്ങിയതോടെയാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്ന ബസുകളുടെ സ്ഥിതിയെ സംബന്ധിച്ച അന്വേഷണമുണ്ടായത്.
പത്തനംതിട്ട, കുമളി ഡിപ്പോകളുടെ പ്രതിദിന സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾക്കു തന്നെ കാലപ്പഴക്കം ഏറെയുള്ളതാണ്. ഈ ബസുകൾ പലപ്പോഴും വഴിയിൽ കിടക്കാറുണ്ട്. കഴിഞ്ഞ രണ്ടുതവണയും പ്രതിദിന സർവീസുകളാണ് വഴിയിൽ കേടായത്. ടൂർ പാക്കേജിൽ വന്നവരിൽ ചാത്തന്നൂർ ഡിപ്പോയിൽ നിന്നുള്ള യാത്രക്കാരാണ് കുടുങ്ങിയത്.
ഗവി ഉല്ലാസ യാത്ര കെഎസ്ആർടിസിക്കു ലാഭകരമാണെങ്കിലും പുതിയ ബസുകൾ നിരത്തിലിറക്കാത്തതാണ് ജീവനക്കാരെ കുഴയ്ക്കുന്നത്. മുൻകൂറായി പണം വാങ്ങി യാത്രയ്ക്കായി കൊണ്ടുപോകുന്ന സഞ്ചാരികളെ പാതിവഴിയിൽ മടക്കേണ്ട സാഹചര്യം പലതവണ ഉണ്ടായെന്ന് ജീവനക്കാർ പറയുന്നു.
ആങ്ങമൂഴിയിൽ നിന്നാരംഭിക്കുന്ന കാനനപാതയിലൂടെ മൂഴിയാർ, കൊച്ചുപന്പ, ഗവി, വള്ളക്കടവ് വഴി വണ്ടിപ്പെരിയാറിലെത്തി കെകെ റോഡിലൂടെ സഞ്ചരിച്ച് പരുന്തുംപാറയിലുമെത്തി തിരികെ കൊണ്ടുവരുന്നതാണ് കെഎസ്ആർടിസിയുടെ പാക്കേജ്.
ഒരുദിവസം നീളുന്ന പാക്കേജ് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളും നടപ്പാക്കുന്നുണ്ട്. നല്ല കണ്ടീഷനുകളുള്ള ബസുകൾ ഗവി യാത്രയ്ക്കു നൽകണമെന്ന് കെഎസ്ആർടിസി പ്രത്യേക ഉത്തരവ് നൽകിയിരുന്നു.
എന്നാൽ മലയോര മേഖലയിലെ കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് അനുയോജ്യമായത് കട്ട് ചെയ്സ് ബസുകളാണ്. ഇവ ഇപ്പോൾ കെഎസ്ആർടിസി വാങ്ങാറില്ല. പത്തനംതിട്ട ഡിപ്പോയിൽ നിലവിലുള്ള ഇത്തരം ബസുകൾ കാലപ്പഴക്കത്താലും തകരാറുകളാലും യാത്രയ്ക്ക് അനുയോജ്യവുമല്ല.