വധശ്രമക്കേസ്: നഗരസഭാ ചെയർമാനെ പ്രതിയാക്കി എഫ്ഐആർ; പോലീസിനെതിരേ സിപിഎം
1549127
Friday, May 9, 2025 3:49 AM IST
പത്തനംതിട്ട: മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിയ കേസില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാനടക്കം ഏഴു പേരെ പ്രതികളാക്കി കേസെടുത്ത പോലീസ് നടപടിയിൽ കടുത്ത അമർഷവുമായി സിപിഎം. കഴിഞ്ഞയിടെ സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്ന കൊടുന്തറ സ്വദേശി റോബിന് വിളവിനാലിനാണ് കഴിഞ്ഞദിവസം രാത്രി വെട്ടേറ്റത്. വീടിനടുത്ത കടയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന റോബിനെ മങ്കിക്യാപ് ധരിച്ച് ഹിറോ ഹോണ്ട പാഷന് ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചെന്നാണ് പരാതി.
തൊട്ടടുത്ത് ബൈക്ക് വന്നു നിന്നപ്പോള്‍ പന്തികേട് തോന്നിയ റോബിന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പിന്തുടര്ന്നെത്തിയ സംഘം തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നുവെന്നുമാണ് ആക്ഷേപം.
ഒഴിഞ്ഞു മാറിയപ്പോള്‍ ആ വെട്ട് താടിക്കാണ് കൊണ്ടത്. നഗരസഭ ചെയര്മാന് സക്കീര്‍ഹുസൈനെതിരേ പോസ്റ്റ് ഇടുമല്ലേടാ എന്നായിരുന്നു അക്രമികള്‍ ചോദിച്ചതെന്ന് റോബിന് പറയുന്നു.
റോബിന്റെ മൊഴിപ്രകാരം നഗരസഭ ചെയര്മാന് സക്കീര്‍ഹുസൈൻ, കൗണ്‍സിലര്‍ ആര്. സാബു, സിപിഎം പ്രാദേശിക നേതാക്കളായ നവീന്‍ വിജയൻ, അജിന്, കണ്ടാലറിയാവുന്ന മൂന്നു പേര് എന്നിവരെ പ്രതികളാക്കിയാണ് പത്തനംതിട്ട പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചെയര്‍മാനും കൗണ്‍സിലര്‍മാരും ആക്രമണത്തില്‍ നേരിട്ട് ബന്ധപ്പെട്ടില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് റോബിന്റെ ആരോപണം. നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. റോബിന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞയിടെ മന്ത്രി വീണാ ജോര്‍ജിനെതിരേ എസ്ഡിപിഐ നേതൃത്വത്തില്പത്തനംതിട്ടയില് സമരം നടന്നിരുന്നു. ഇതിനു പിന്നില്‍ നഗരസഭ ചെയര്മാന് സക്കീര്‍ ഹുസൈനാണെന്ന് റോബിന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് റോബിന് പറഞ്ഞു.
എന്നാൽ തനിക്കെതിരേയുള്ള കേസ് എന്തടിസ്ഥാനത്തിലാണെന്നും മനസിലാകുന്നില്ലെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. പ്രാഥമികാന്വേഷണം പോലും നടത്താതെ ഒരാൾക്കെതിരേ എഫ്ഐആറിടുന്ന പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പൊതുപ്രവർത്തകരെ മനഃപൂർവം ആക്ഷേപിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹംപറഞ്ഞു. പോലീസ് നടപടിയിൽ സിപിഎം നേതാക്കളും കടുത്ത അതൃപ്തിയിലാണ്.