വൃക്കരോഗികൾക്ക് സഹായവുമായി വൈഎംസിഎയുടെ ഡയാലിസിസ് പദ്ധതി
1549138
Friday, May 9, 2025 4:02 AM IST
പത്തനംതിട്ട: ഇന്ത്യൻ വൈഎംസിഎ വൃക്ക രോഗികൾക്ക് സഹായവുമായി സഹായതാ ഡയാലിസിസ് യോജന പദ്ധതി നടപ്പാക്കുന്നു. ഭാരതത്തിലൂടനീളമുള്ള യൂണിറ്റ് വൈഎംസിഎകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷം സൗജന്യ ഡയാലിസിസ് ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി കേരളത്തിലും നടപ്പിൽ വരുത്തുകയാണെന്ന് ദേശീയ ട്രഷറാർ റെജി ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ യൂണിറ്റ് വൈഎംസിഎ കണ്ടെത്തുകയും ഇങ്ങനെയുള്ള രോഗികൾ ക്ക് സൗജന്യ ഡയാലിസിസ് നൽകുവാൻ ദേശീയ കൗൺസിൽ കേരള റീജിയൻ കമ്മിറ്റിയുടെ സഹകരണത്തോടെ പദ്ധതി തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
കേരള റീജിയൻ ഡയാലിസിസ് സഹായ ബോർഡ് നേതൃത്വം നൽകും. ഡയാലിസിസ് സഹായത യോജന പദ്ധതിക്കായി 50 ലക്ഷം രൂപയാണ് ഇന്ത്യൻ വൈഎംസിഎ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പ്രാദേശികമായി യൂണിറ്റ് വൈഎംസിഎ കളിലൂടെ സമാഹരിക്കുന്ന 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപയാണ് പദ്ധതിത്തുക. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുമായി വൈഎംസിഎ കരാറിൽ ഏർപ്പെട്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂർ വൈഎംസിഎയിൽ 11 ന് ഉച്ചകഴിഞ്ഞ് 2.30നു നടക്കും. വൈഎംസിഎ കേരളാ റീജിയൺ ചെയർമാൻ പ്രഫ. അലക്സ് തോമസ് അധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡന്റ് വിൻസെന്റ്ജോർജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദേശീയ ട്രഷറാർ റെജി ജോർജ്, ദേശീയ ജനറൽ സെക്രട്ടറി എൻ. വി എൽദോ, പദ്ധതിയുടെ ദേശീയ ചെയർമാൻ സാജു ചാക്കോ, വൈ എംസി എ കേരളാ റീജിയൻ വൈസ് ചെയർമാൻമാരായ ജയൻ മാത്യു, കുര്യൻ തൂമ്പുങ്കൽ, സംസ്ഥാന ട്രഷറർ അനിൽ ജോർജ്, കേരള റീജിയൻ ഡയാലിസിസ് സഹായത ബോർഡ് ചെയർമാൻ റ്റി ബിനുരാജ്,
മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഡോ.ഏബ്രഹാം കലമണ്ണിൽ, റീജിയണൽ സെക്രട്ടറി ഡേവിഡ് സാമുവൽ, പ്രോജക്റ്റ് കോഓർഡിനേറ്റർ സാംസൺ മാത്യു എന്നിവർ പ്രസംഗിക്കും. റീജിയൻ വൈസ് ചെയർമാൻമാരായ ജയൻ മാത്യു, കുര്യൻ തൂമ്പുങ്കൽ, റീജിയൻ അസോസിയേറ്റ് സെക്രട്ടറി സാംസൺ മാത്യു, തോമസ് മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.