അടൂർ പ്രകാശിന്റെ കൺവീനർ സ്ഥാനം: ജില്ലയ്ക്ക് അഭിമാനം
1549122
Friday, May 9, 2025 3:49 AM IST
പത്തനംതിട്ട: അടൂർ പ്രകാശ് എംപിക്കു ലഭിച്ച യുഡിഎഫ് കൺവീനർ സ്ഥാനം പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി. ജില്ലയിൽ നിന്നൊരാൾ യുഡിഎഫ് സംസ്ഥാന നേതൃരംഗത്ത് എത്തപ്പെടുന്നത് ഇതാദ്യമായാണ്. ആന്റോ ആന്റണി എംപിക്ക് കെപിസിസി അധ്യക്ഷ സ്ഥാനം അവസാന നിമിഷം ലഭ്യമാകാതെ പോയെങ്കിലും അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനത്തെത്തിയത് പത്തനംതിട്ടയ്ക്ക് നേട്ടമായി.
വിദ്യാർഥി, യുവജന രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അടൂർ പ്രകാശ് യൂത്ത് കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലയുടെ പ്രഥമ അധ്യക്ഷനാണ്. അടൂർ ബാറിൽ അഭിഭാഷകനായിരുന്ന പ്രകാശ് കോന്നി നിയമസഭ മണ്ഡലത്തിൽ 1996ൽ സീറ്റ് ലഭിച്ചതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സംഘടനാ രംഗത്തും ഭരണമേഖലയിലും പടവുകൾ ചവിട്ടിക്കയറി.
നിലവിൽ ആറ്റിങ്ങൽ എംപി കൂടിയായ അദ്ദേഹം 1996 മുതൽ 2019 വരെ കോന്നി എംഎൽഎ ആയിരുന്നു. ഇക്കാലയളവിൽ ഉമ്മൻ ചാണ്ടിയുടെ രണ്ട് മന്ത്രിസഭകളിലായി ഭക്ഷ്യ, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ മന്ത്രിയായി. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ്, കെപിസിസി സെക്രട്ടറി സ്ഥാനങ്ങളും സംഘടനാ തലത്തിൽ വഹിച്ചു.
മികച്ച സംഘാടകൻ എന്ന നിലയിൽ അടൂർ പ്രകാശ് ഇതിനോടകം ശ്രദ്ധേയനായിട്ടുണ്ട്. കോന്നി എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിന്റെ വികസനത്തിന് ഏറെ പ്രവർത്തിക്കാനായി.