സിപിഎം വിട്ടു സിപിഐയിലെത്തിയ മുൻ ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേല്പിച്ചു
1548839
Thursday, May 8, 2025 3:32 AM IST
പത്തനംതിട്ട: സിപിഎം വിട്ടു സിപിഐയിലെത്തിയ മുൻ ബ്രാഞ്ച് സെക്രട്ടറിയെ ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനെച്ചൊല്ലിയുള്ള പ്രശ്നത്തെത്തുടർന്ന് വെട്ടി പരിക്കേല്പിച്ചു. പത്തനംതിട്ട വിളവിനാൽ ഗ്രെയ്സ് ഭവനിൽ റോബിൻ ജോണിനെയാണ് (39) വെട്ടി പരിക്കേല്പിച്ചത്. പരിക്കേറ്റ റോബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വടിവാളുകൊണ്ടുള്ള വെട്ട് ഒഴിഞ്ഞുമാറിയതിനാൽ മാത്രമാണ് കഴുത്തിൽ കൊള്ളാതെ രക്ഷപ്പെട്ടതെന്ന് റോബിൻ പറയുന്നു. കഴിഞ്ഞദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള കടയുടെ മുമ്പിൽ നിൽക്കുകയായിരുന്നു റോബിൻ. ഈ സമയത്താണ് മങ്കി ക്യാപ്പ് ധരിച്ച മൂന്നംഗ സംഘം ബൈക്കിൽ ഇവിടെയെത്തിയത്.
അപകടം മണത്ത റോബിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം വീടിന്റെ പിൻവശത്തുവച്ച് തലയുടെ പിൻവശത്ത് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് വടിവാൾ കൊണ്ട് കഴുത്തിന് വെട്ടിയെങ്കിലും തല വെട്ടിച്ച് മാറ്റിയതിനാൽ താടിയിൽ കൊള്ളുകയായിരുന്നു. റോബിൻ ബഹളം വച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് കണ്ടാലറിയാവുന്ന നാലുപേർക്കെതിരേ കേസെടുത്തു. സിപിഎമ്മിന്റെ നഗരത്തിലെ പ്രമുഖരായവരുടെ പേരുകൾകൂടി ഉൾപ്പെടുത്തിയാണ് റോബിൻ മൊഴി നൽകിയതെന്ന് പറയുന്നു.
കഴിഞ്ഞയിടെ മന്ത്രി വീണാ ജോര്‍ജിനെതിരേ എസ്ഡിപിഐ നേതൃത്വത്തില്‍ പത്തനംതിട്ടയിൽ സമരം നടന്നിരുന്നു. ഇതിനു പിന്നില്‍ നഗരസഭാ ചെയര്മാന് സക്കീര്‍ ഹുസൈനാണെന്ന് റോബിന് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് പ്രകോപനകാരണമായതെന്നു പറയുന്നു. നഗരസഭയിലെ എസ്ഡിപിഐ ബാന്ധവമാണ് താൻ സിപിഎം വിടാൻ കാരണമായതെന്നും റോബിൻ പറഞ്ഞു. എസ്ഡിപിഐ പിന്തുണയോടെയാണ് സിപിഎം നഗരസഭ ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കുറ്റക്കാരെ അറസ്റ്റ് ചെയ്യണം: സിപിഐ
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് ചിലര്‍ നടത്തിയ പ്രതിഷേധ മാർച്ച് രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഐ പ്രവർത്തകനും മോട്ടോർ തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റി അംഗവുമായ റോബിൻ വിളവിനാലിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെയും ഉടന്‍ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ബി. ഹരിദാസ് ആവശ്യപ്പെട്ടു.