ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ ചെന്പെടുപ്പ് റാസ ഇന്ന്
1548845
Thursday, May 8, 2025 3:32 AM IST
ചന്ദനപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച ചെന്പെടുപ്പ് റാസ ഇന്ന്. പെരുന്നാളിന്റെ പ്രധാന ദിനമായ ഇന്നു രാവിലെ നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും.
ഇന്നലെ രാവിലെ കുര്യക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും പൊന്നിൻകുരിശ് സമർപ്പണവും നടന്നു. തുടർന്ന് കൽക്കുരിശിങ്കൽ നിന്ന് വിശ്വാസികൾ സെന്റ് ജോർജ് ഷ്റൈൻ എഴുന്നള്ളിച്ചു പള്ളിയിൽ പ്രതിഷ്ഠിച്ചു. വികാരി ഫാ. സുനിൽ ഏബ്രഹാം, ഫാ. ജോബിൻ യോഹന്നാൻ, ഫാ, റീനിൽ പീറ്റർ എന്നിവർ മധ്യസ്ഥ പ്രാർഥന നടത്തി.
പദയാത്ര സംഗമത്തിന് ശേഷം മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരവും ശ്ലൈഹിക വാഴ്വും നടന്നു. വർണാഭമായ രാത്രി റാസയ്ക്കു പൊൻ വെള്ളിക്കുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും നിറപ്പകിട്ടേകി. ദേശത്തിന്റെ നാല് അതിർത്തികളെയും അനുഗ്രഹിച്ചു നടത്തിയ റാസ ആശീർവാദത്തോടെ പള്ളിയിൽ സമാപിച്ചു. സെബിൻ ബാബു, ഫിലിപ്പ് തോമസ്, ജോയൻ ജോർജ്, ജിജോ ജോസഫ്, റോഹൻ വി റോയി, സന്തോഷ് സാബു എന്നിവർ നേതൃത്വം നൽകി. തുടർന്ന് ലൈറ്റ് ഷോയും ഗാനമേളയും നടത്തി.
ഇന്നു രാവിലെ ആറിനു ചെന്പിൽ അരിയിടീൽ കർമം അങ്ങാടിക്കൽ മേക്കാട്ട് കുടുംബത്തിലെ കാരണവർ നിർവഹിക്കും. കുർബാനയേ തുടർന്ന്, 11 ന് തീർഥാടക സംഗമം ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.
ചലച്ചിത്ര സംവിധായകൻ ബ്ലെസിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം നൽകി ആദരിക്കും. മൂന്നിനു ചെമ്പെടുപ്പ് റാസ, ജംഗ്ഷനിൽ മന്ത്രി പി. പ്രസാദ് സന്ദേശം നൽകും. അഞ്ചിനാണ് ചരിത്ര പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 11 ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.