കലഞ്ഞൂരിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
1549139
Friday, May 9, 2025 4:02 AM IST
പത്തനംതിട്ട: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നു നടക്കും. കലഞ്ഞൂർ സ്കൂൾ മൈതാനിയിൽ വൈകുന്നേരം നാലിനു ചേരുന്ന യോഗത്തിൽ മന്ത്രി കെ. എൻ. ബാലഗോപാൽ പദ്ധതികളടെ ഉദ്ഘാടനം നിർവഹിക്കും.
വിവിധ മേഖലകളിലായി പൂർത്തീകരിച്ചിട്ടുള്ളതും തുടക്കം കുറിക്കുന്നതുമായ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിർമാണോദ്ഘാടനവുമാണ് ധനമന്ത്രി നിർവഹിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി പത്രസമ്മേളനത്തിൽ പറഞ്ഞു.
മൂന്ന് കോടി രൂപ അനുവദിച്ച് കലഞ്ഞൂർ മാർക്കറ്റിൽ നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ്, 4.84 കോടി രൂപ ചെലവിൽ ഉന്നത നിലവാരത്തിൽ നിർമിക്കുന്ന ഉദയ ജംഗ്ഷൻ മലനട റോഡ്, രണ്ടു കോടി രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്ക്,
50 ലക്ഷം രൂപ അനുവദിച്ചു നിർമിക്കുന്ന കലഞ്ഞൂർ സ്കൂൾ ആധുനിക സയൻസ് ലാബ്, 20 ലക്ഷം രൂപ അനുവദിച്ച് കലഞ്ഞൂർ ഗവ.എൽപിഎസിന് ക്ലാസ് മുറികൾ, എംഎൽഎ ഫണ്ടിൽ നിന്നും
45 ലക്ഷം രൂപ അനുവദിച്ച് പുനലൂർ - മൂവാറ്റുപുഴ റോഡിന് കുറുകെ നിർമിക്കുന്ന കലഞ്ഞൂർ സ്കൂൾ കാൽനട മേൽപ്പാലം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ബസ് കൈമാറ്റം, 25 ലക്ഷം രൂപ അനുവദിച്ചു നിർമിക്കുന്ന മൂഴി - അമ്പോലിൽ - പുതുവൽ റോഡ്, 30 ലക്ഷം രൂപ അനുവദിച്ചു നിർമിക്കുന്ന കൊല്ലൻമുക്ക് - പറയൻകോട് - മാമ്മൂട് റോഡ്,
5.25 ലക്ഷം രൂപ അനുവദിച്ചു നർമിക്കുന്ന ഇലവന്താനംപടി- അർത്ഥനാൽ പടി റോഡ് എന്നിവയുടെ നിർമാണോദ്ഘാടനവും 40 ലക്ഷം രൂപ ചെലവഴിച്ചു നിർമാണം പൂർത്തീകരിച്ച കീച്ചേരി പാലത്തിന്റെ ഉദ്ഘാടനവുമാണ് പ്രധാന പരിപാടികൾ.
യോഗത്തിൽ കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, കളക്ടർ എസ്. പ്രേംകൃഷ്ണൻ, മുൻ എംഎൽഎ രാജു ഏബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.
കലഞ്ഞൂർ വില്ലേജിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് ഇന്ന് നടക്കുകയെന്ന് പ്രസിഡന്റ് പറഞ്ഞു. കൂടൽ വില്ലേജ് പരിധിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പിന്നാലെ നടക്കും. വൈകുന്നേരം ആറു മുതൽ പാലാ ഫോർ യു ഇവന്റ് നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടാകും. സംഘാടക സമിതി ജനറൽ കൺവീനർ എസ്. രാജേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.