തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് സ്ഥലമെടുപ്പിന് വിജ്ഞാപനമായി
1548844
Thursday, May 8, 2025 3:32 AM IST
തിരുവല്ല: തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് സ്ഥലമെടുപ്പിന് 11(1) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി. തിരുവല്ല, കുറ്റപ്പുഴ, പായിപ്പാട്, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, നെടുംകുന്നം വില്ലേജുകളിലായി സെക്ഷൻ 4 പ്രകാരം നിശ്ചയിച്ച സ്ഥലങ്ങളുടെ സാമൂഹ്യാഘാത പഠനത്തിനും വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കും ശേഷമാണ് 5.89 ഏക്കർ ഭൂമി എറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ഏപ്രിൽ 28ന് റവന്യൂ മന്ത്രിയുടെയും മാത്യു ടി. തോമസ് എംഎൽഎയുടെയും നേതൃത്വത്തിൽ നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് സമയക്രമം നിശ്ചയിച്ചിരുന്നു. അധികമായി ഏറ്റെടുക്കണമെന്ന് കണ്ടെത്തിയ 0.93 ഏക്കർ ഭൂമി സംബന്ധിച്ചുള്ള സാമൂഹിക ആഘാത പഠനവും നടന്നുവരികയാണ്. ഇതു സംബന്ധിച്ച ഹിയറിംഗ് 15ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.
വിജ്ഞാപനത്തിലുൾപ്പെട്ട ഭൂമിയുടെ വിശദമായ സർവേകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തിരുവല്ല, കുറ്റപ്പുഴ വില്ലേജുകളിലായി സർവേ നടപടികൾ നടന്നുവരികയാണ്. ഇതോടൊപ്പം തന്നെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവയുടെയും വില നിശ്ചയിക്കുന്നതിനുള്ള നടപടികളും നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
തിരുവല്ല മുതൽ ചേലക്കൊമ്പ് വരെയുള്ള ഇരുവശങ്ങളിലെ ഭൂമിയുടെ ഏറ്റെടുക്കൽ നടപടികളാണ് പൂർത്തിയാക്കേണ്ടതെന്ന് മാത്യു ടി.തോമസ് എംഎൽഎ അറിയിച്ചു.