വയോധികയുടെ മാല അപഹരിച്ച യുവാവ് അറസ്റ്റില്‍
1548853
Thursday, May 8, 2025 3:38 AM IST
പത്തനംതിട്ട: വയോധികയുടെ കഴുത്തിലെ മാല കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത മോഷ്ടാക്കളില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി പന്തപ്ലാവ്, ശംഭു ഭവനത്തില്‍ ആദര്‍ശ് രവീന്ദ്രനാണ് (26) അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചിനു രാത്രി ഏഴോടെ വീട്ടമ്മ ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ നിന്നും പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇയാളും കൂട്ടുപ്രതിയും സ്കൂട്ടറിലെത്തി കഴുത്തില്‍ കിടന്ന 16 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല മുറിച്ചെടുത്തത്.
കവര്‍ച്ച തടയാന്‍ ശ്രമിച്ച വയോധികയുടെ ബ്ലൗസ് ഇയാള്‍ വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. ആദര്‍ശിനെ വയോധികയുടെ മകന് സന്ദീപ് ഓടിച്ചിട്ട് പിടികൂടി, എന്നാല്‍ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു.