കരിങ്ങാലി പാടത്ത് കൊയ്ത്ത് എങ്ങുമെത്തിയില്ല; വേനൽമഴ ചതിച്ചു
1549120
Friday, May 9, 2025 3:49 AM IST
പന്തളം: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയ്ക്കിടെ കരിങ്ങാലി പാടത്തെ കൊയ്ത്ത് താളം തെറ്റുന്നു. കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്തെ കൊയ്ത്താണ് തടസപ്പെട്ടത്. കൊയ്ത്ത് തുടങ്ങി ദിവസങ്ങൾ പിന്നിട്ടതോടെ കൊയ്ത്തു മെതി യന്ത്രം ഇറക്കാനാകാത്ത സ്ഥിതിയിൽ മഴ ശക്തിപ്പെട്ടു.
വെള്ളക്കെട്ടു കാരണം യന്ത്രങ്ങൾ പുതയുന്ന സ്ഥിതിയാണ്. കൂടുതൽ യന്ത്രങ്ങൾ എത്തിച്ചു കൊയ്ത്ത് പൂർത്തീകരിക്കാൻ നടത്തിയ ശ്രമങ്ങളും പാളി.
ആറ് യന്ത്രങ്ങളാണ് ഇത്തവണ ചിറ്റിലപ്പാടത്ത് എത്തിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം കേടായി. ഒന്ന് ചെളിയിൽ പുതഞ്ഞു. അവശേഷിച്ച മൂന്നെണ്ണം ചെളി കാരണം പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്.
145 ഏക്കറിലാണ് കൊയ്ത്ത് നടത്താനുള്ളത്. അഞ്ചുദിവസം കൊണ്ട് കൊയ്തെടുക്കാമെന്ന പ്രതീക്ഷയായിരുന്നു കർഷകർക്കുണ്ടായിരുന്നത്. ആറ് യന്ത്രങ്ങൾ എത്തിച്ചിട്ടും ഇതു പൂർത്തിയാക്കാനായില്ല.
യന്ത്രവാടക താങ്ങാനാകില്ല
കൊയ്ത്ത്, മെതി യന്ത്രത്തിന് ഒരു മണിക്കൂറിന് 2000 രൂപയിലധികമാണ് വാടക. കർഷകർക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഇത്. സ്വകാര്യ കന്പനികളുടേതാണ് യന്ത്രങ്ങളേറെയും. ഇത് വാടക നൽകി എത്തിക്കുന്പോഴേക്കും കർഷകർക്ക് ഭാരമേറും. ജില്ലാ പഞ്ചായത്തിന്റേതടക്കം കൊയ്ത്ത്, മെതി യന്ത്രങ്ങൾ മുന്പുണ്ടായിരുന്നവയെല്ലാം തകരാറിലായി.
വേനൽമഴ കർഷകർക്ക് വൻ നഷ്ടമാണ് വരുത്തിവച്ചത്. പാടങ്ങളിൽ വൻ നഷ്ടമുണ്ടായി. ചിറ്റിലപ്പാടത്തു തന്നെ ഒരു ഭാഗം കാറ്റുവീഴ്ചയിൽ നിലംപൊത്തി. വെള്ളം പുറത്തേക്ക് ഒഴുക്കാനാകാത്തതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടതും കർഷകരെ വലയ്ക്കുന്നു.
മാവര പാടത്തും വെള്ളക്കെട്ട്
പന്തളം തെക്കേക്കര പഞ്ചായത്തിലെ മാവര പാടത്തെ 10 ഹെക്ടർ പാടം പൂർണമായും വെള്ളത്തിലാണ്. വിളഞ്ഞുകിടക്കുന്ന നെല്ല് ഈയാഴ്ച കൊയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു കർഷകർ. ഇതിനായി കൊയ്ത്ത് മെതി യന്ത്രവും എത്തിച്ചിരുന്നു. എന്നാൽ വളരെക്കുറച്ചുമാത്രം വെള്ളമുണ്ടായിരുന്ന പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ യന്ത്രം ഇറക്കാനാകുന്നില്ല.
പാടവും സമീപത്തുള്ള നീർച്ചാലും തോടുകളുമെല്ലാം വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇത് ആറ്റിലേക്കൊഴുക്കിവിട്ടുകളഞ്ഞാൽ നെൽകൃഷിയെ രക്ഷിക്കാൻ കഴിയുമെങ്കിലും പുല്ലും പോളയും നിറഞ്ഞുകിടക്കുന്ന തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസമുണ്ട്. തോട് ആഴംകൂട്ടി വൃത്തിയാക്കുന്നജോലികൾ മൂന്ന് വർഷം മുമ്പ് നടത്തിയിരുന്നെങ്കിലും ഫലപ്രദമായില്ല.