നാലു വയസുകാരന്റെ ദാരുണാന്ത്യം: ഇക്കോ ടൂറിസം ജീവനക്കാരെ തിരികെയെടുത്തു
1549135
Friday, May 9, 2025 4:02 AM IST
തിരികെയെടുക്കാൻ രാഷ്ട്രീയ സമ്മർദം
പത്തനംതിട്ട: കോന്നി ആനത്താവളത്തിലെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകനായെത്തിയ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് പിഴുതുവീണ് മരിക്കാനിടയായ സംഭവത്തിൽ സസ്പെൻഷനിലായ അഞ്ച് വനംവകുപ്പ് ജീവനക്കാരെയും തിരികെയെടുത്തു.
ഇവരെ സർവീസിൽ തിരികെ എടുക്കാനുള്ള ഉത്തരവ് കഴിഞ്ഞദിവസം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് ഓഫീസറിൽ നിന്നുണ്ടായി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (ഗ്രേഡ്) ആർ. അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എസ്. സലിം, ആർ. സതീഷ്, ബി. സജിനി, സുമയ്യ ഷാജി എന്നിവരെയാണ് തിരികെയെടുത്ത് ഉത്തരവായത്.
കഴിഞ്ഞ ഏപ്രിൽ 18നാണ് ഇക്കോ ടൂറിസം സെന്ററിൽ സന്ദർശകനായെത്തിയ കടന്പനാട് സ്വദേശി അഭിരാം (നാല്) മരിച്ചത്. ആനത്താവളം പരിസരത്തെ കോൺക്രീറ്റ് തൂണിൽ പിടിച്ച് കളിക്കുന്പോൾ ഇത് പിഴുത് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
കാലപ്പഴക്കമുള്ള തൂണ് പെയിന്റടിച്ച് വച്ചിരിക്കുകയായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്യുകയും റേഞ്ച് ഓഫീസറെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. നടപടിയിൽ വനപാലകരുടെ സംഘടന അന്നുതന്നെ പ്രതിഷേധവുമായി രംഗത്തെത്തി.
നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വനംമന്ത്രിക്കു പരാതിയും ലഭിച്ചു. രാഷ്ട്രീയ സമ്മർദവും ഏറിയതോടെയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നടപടി പിൻവലിച്ചത്.
ഇക്കോ ടൂറിസം കേന്ദ്രം പരിസരത്തെ സുരക്ഷാ വീഴ്ച പ്രകടമായ സംഭവത്തിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനമാണ് വനംവകുപ്പ് ഉന്നതരും സ്വീകരിച്ചത്. അപകടത്തിനുശേഷം ഇവരാരും തന്നെ ആനത്താവളം സന്ദർശിച്ചില്ല. പിന്നീട് സ്ഥലം എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥരെത്തിയത്.
അച്ചടക്ക നടപടി തുടരുമെന്ന്
ആനത്താവളത്തിലെ അപകടത്തേ തുടർന്ന് സസ്പെൻഷനിലായവരെ തിരിച്ചെടുത്തെങ്കിലും ഇവർക്കെതിരേയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇക്കോ ഡവലപ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് നിർദേശം.
കുട്ടിയുടെ മരണത്തേ തുടർന്ന് അടച്ചിട്ട ആനത്താവളം കഴിഞ്ഞ ഒന്നു മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. സസ്പെൻഷനിലായവരെ തിരിച്ചെുക്കാൻ ഇതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വർധിച്ചുവരുന്ന വന്യജീവി സംഘർഷം നേരിടുന്നതിലും വനപാലകരുടെ കുറവുണ്ട്. സസ്പെൻഷനെതിരേ ജീവനക്കാരുടെ സംഘടന രംഗത്തുവരികയും പ്രത്യക്ഷ സമരപരിപാടികളിലേക്ക് അവർ കടക്കുകയും ചെയ്താൽ വകുപ്പിന്റെ ദൈനംദിന പ്രവർത്തനത്തെയും ബാധിച്ചേക്കാമെന്ന ആശങ്കയും ഉയർന്നിരുന്നു.