ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: പ്രമോദ് നാരായൺ
1548849
Thursday, May 8, 2025 3:38 AM IST
റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ നിർദേശം നൽകി.
നിലവിൽ 45 പേർക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പടരുന്ന സാഹചര്യം അറിഞ്ഞപ്പോൾതന്നെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ യോഗം ചേർന്ന് പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് ആരോഗ്യവകുപ്പും ഏകോപിത പ്രവർത്തനത്തിലൂടെ വ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ഇതിനായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേർക്കുകയും ചെയ്തു. പ്രദേശങ്ങളിൽ ഫോഗിംഗ് ശക്തമാക്കാനും കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. ഉറവിടം കണ്ടെത്തിയതിനായി വോളണ്ടിയർമാരുടെ സേവനം അടിയന്തരമായി ലഭ്യമാക്കുവാൻ പഞ്ചായത്തിലും നിർദേശം നൽകി.