മോഷണശ്രമത്തിനിടെ മൂന്നുപേർ പിടിയിൽ
1548837
Thursday, May 8, 2025 3:19 AM IST
കോട്ടയത്തുനിന്നു മോഷ്ടിച്ച ബൈക്കും കണ്ടെത്തി
തിരുവല്ല: മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവർ സംഘത്തെ തിരുവല്ല പോലീസ് സംഘം പിടികൂടി കോട്ടയം പോലീസിന് കൈമാറി. കഴിഞ്ഞദിവസം രാത്രി പെരുന്തുരുത്തിയിൽ ഒരു ഫർണിഷിംഗ് ഷോപ്പിനോടുചേർന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതായുള്ള വിവരം തിരുവല്ല പോലീസിൽ ലഭിച്ചതുപ്രകാരം, സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
പൂട്ടുപൊളിക്കുന്നത് ശ്രദ്ധയിൽപെട്ട കടയിലെ ജീവനക്കാരൻഓടിയെത്തിയപ്പോഴേക്കും മോഷണസംഘത്തിലെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി തടഞ്ഞുവച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവരെയും ഓടിച്ചിട്ടു പിടികൂടി.
പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അഭിജിത്(21), പന്തളം കടയ്ക്കാട് പണ്ടാരത്തിൽ തെക്കെപ്പാറ വീട്ടിൽ ജിഷ്ണു (19), കൗമാരക്കാരൻ (17) എന്നിവരെയാണ് പിടികൂടിയത്. എറണാകുളം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞശേഷം ഈയിടെയാണ് അഭിജിത് പുറത്തിറങ്ങിയത്.
പന്തളത്തും പരിസരപ്രദേശങ്ങളിലും ബ്ലാക്ക്മാൻ മോഡൽ മോഷണപരമ്പര നടത്തി ജനങ്ങളെ ഭയചകിതരാക്കി ഉറക്കം കെടുത്തിയ കേസിൽ ഒന്നാം പ്രതിയുമാണ്. 17 കാരനും അഭിജിത് പ്രതിയായ ഈ മോഷണ കവർച്ചാ പരമ്പര കേസുകളിൽ ഉൾപ്പെട്ടിരുന്നു. ഇയാൾ മുമ്പ് മൊബൈൽ മോഷണത്തിന് തിരുവല്ല പോലീസെടുത്ത കേസിലും ഉൾപ്പെട്ടു. ജിഷ്ണു പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
ഇവർ മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്ന ബൈക്ക് സമീപത്തു വച്ചിരുന്നു. കോട്ടയത്തുനിന്നും മോഷ്ടിച്ചതായിരുന്നു ഹീറോ ഹോണ്ട സ്പ്ലെണ്ടർ മോട്ടോർ സൈക്കിൾ. വിശദമായി പരിശോധിച്ചപ്പോൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകളിൽ ഓരോ അക്കം ചുരണ്ടി മാറ്റിയ നിലയിലായിരുന്നു. കോട്ടയത്തുനിന്നും വന്ന വഴിക്ക് തിരുവല്ലയിൽ മോഷണ ശ്രമം നടത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ സംഘം കോട്ടയത്ത് ഇറങ്ങി, ബൈക്ക് മോഷ്ടിച്ചശേഷം തിരുവല്ലയ്ക്ക് കടക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ എസ്. സന്തോഷിന്റെ മേൽനോട്ടത്തിലാണ് നടപടികൾ കൈക്കൊണ്ടത്.