കസ്തൂർബാ ഗാന്ധി ദർശൻ വേദി നേതൃത്വ പഠന ശിബിരം ബോധിഗ്രാമിൽ
1548855
Thursday, May 8, 2025 3:38 AM IST
പത്തനംതിട്ട: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ വനിതാ വിഭാഗമായ കസ്തൂർബാ ഗാന്ധി ദർശൻവേദി സംസ്ഥാന നേതൃത്വ പരിശീലന ക്യാന്പ് 10, 11 തീയതികളിൽ അടൂർ തുവയൂർ ബോധിഗ്രാമിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ കൺവീനർ കെ.എസ്. ബീന പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള സംസ്ഥാന, ജില്ലാ ഭാരവാഹികൾ ക്യാന്പിൽ പങ്കെടുക്കും. പത്തിനു രാവിലെ 9.30ന് സംസ്ഥാന ചെയർപേഴ്സൺ ഡോ.പി.വി. പുഷ്പജ പതാക ഉയർത്തും. പത്തിനു കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ക്യാന്പ് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ജനറൽ കൺവീനർ ബിനു എസ്. ചക്കാലയിൽ ആമുഖ പ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ മുഖ്യാതിഥിയായിരിക്കും. ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിൽ ഡോ.ജെ.എസ്. അടൂർ, സ്റ്റെല്ലാ തോമസ്, ഡോ. സെലിൻ എന്നിവർ ക്ലാസുകൾ നയിക്കും.
11ന് ഉച്ചകഴിഞ്ഞ് 2.30ന് സമാപന സമ്മേളനം എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ.പി.വി. പുഷ്പജ അധ്യക്ഷതവഹിക്കും. കസ്തൂർബ ഗാന്ധിയുടെ ആശയങ്ങളും അവർ മുന്നോട്ടുവച്ച ദർശനങ്ങളും സ്വാതന്ത്ര്യ സമരത്തിനു നൽകിയ പിന്തുണയും അടിസ്ഥാനമാക്കി രൂപീകരിച്ച സംഘടന സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ, നിയോജക മണ്ഡലം തലങ്ങളിൽ തുടർന്ന് ഇത്തരം ക്യാന്പുകൾ നടത്തും.
സംസ്ഥാന കൺവീനർമാരായ അനിത സജി, എലിസബേത്ത് അബു, ജില്ലാ വൈസ് ചെയർപേഴ്സൺ ഷൈനി ജോർജ്, ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി. റെജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.