തിരക്ക് തുടരുന്നു ശബരിമലയില്‍ നിയന്ത്രണങ്ങള്‍
1377447
Sunday, December 10, 2023 11:22 PM IST
ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. ദര്‍ശനസമയം ഇന്നലെ മുതല്‍ ഒരു മണിക്കൂര്‍ കൂട്ടിയതോടെ കൂടുതല്‍ പേര്‍ക്ക് ദര്‍ശന സൗകര്യം ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് നട തുറന്നത്. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം നാലിനാണ് തുറക്കാറുള്ളത്.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പതിനെട്ടാംപടിയിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. മിനിറ്റില്‍ 60 പേരെ മാത്രമാണ് ഇപ്പോള്‍ പടി ചവിട്ടാന്‍ അനുവദിക്കുന്നത്. നേരത്തെ ഒരു മിനിറ്റില്‍ 80 മുതല്‍ 95 വരെ ഭക്തര്‍ പടികയറിയിരുന്നു. സോപാനത്തെ തിരക്കു കുറഞ്ഞത് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നുണ്ടെങ്കിലും ശരണപാതില് മണിക്കൂറുകളോളം നീണ്ട കാത്തുനില്പ് തുടരുകയാണ്.
പമ്പയില്‍നിന്നു തീര്‍ഥാടകരെ വിവിധ സെക്ടറുകളായി തിരിച്ച് മണിക്കൂറുകളുടെ ഇടവേളകളിലാണ് മലകയറാന്‍ അനുവദിക്കുന്നത്. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഇന്നലെയും മണിക്കൂറുകളോളം തീര്‍ഥാടകരെ തടഞ്ഞു. പത്തനംതിട്ട, കോട്ടയം റൂട്ടുകളില്‍ കിലോമീറ്റുകളോളം നീണ്ട വാഹനക്കുരുക്കാണ് അനുഭവപ്പെട്ടത്.
തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 90000ല്‍നിന്നും 80000 ആയി കുറച്ചതോടെ സ്പോര്‍ട്ട് ബുക്കിംഗുകളുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്നലെയും ഒരു ലക്ഷത്തില്‍ അധികം ഭക്തര്‍ ദര്‍ശനത്തിന് എത്തി.
കൂടുതല്‍ പോലീസ്
തിരക്ക് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ആശുപത്രികളും പൂര്‍ണസജ്ജമാക്കി. നിലവിലുള്ള രണ്ട് ആംബുന്സുകള്ക്ക് പുറമെ ഒരു ഓഫ് റോഡ് ആംബുലസ് കൂടി ശബരിമലയില്‍ എത്തിച്ചു.
ശാരീരിക അസ്വസ്ഥതകളേ തുടര്‍ന്ന് ഇന്നലെയും നിരവധി തീര്‍ഥാടകരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. ശരണ പാതയിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ ഇന്നലെയും വിവിധ സമയങ്ങളില്‍ തീര്‍ഥാടകരുടെ നിര വലിയ നടപ്പന്തലും ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിലേക്ക് നീണ്ടിരുന്നു.
പത്തനംതിട്ട, എരുമേ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളോടെയാണ ്തീര്ഥാടക വാഹനങ്ങള്‍ കടത്തിവിടുന്നത്. പമ്പയിലെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് ഇതര സ്ഥലങ്ങളില്‍നിന്നുള്ളവരെ ഇവിടേക്ക് എത്തിക്കുന്നത്.
മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശന സൗകര്യം
ശബരിമലയിലെത്തുന്ന മുഴുവന്‍ അയ്യപ്പഭക്തര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു.
ദര്‍ശനസമയം വര്‍ധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ ദര്‍ശനസമയം വര്‍ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ലഭിക്കും.