ഇശൽ പെയ്തിറങ്ങി മാപ്പിളപ്പാട്ട് വേദിയിൽ തിളങ്ങി തെരേസ മറിയം വർഗീസ്
1377122
Saturday, December 9, 2023 11:52 PM IST
മൈലപ്ര: ഇശലുകളിൽ ഭക്തിയും പ്രണയവും വിരഹവും നിറച്ച് മാപ്പിളപ്പാട്ട് വേദി. ദേശവും ജാതിമതാതിർത്തികളും വകഞ്ഞുമാറ്റി ആസ്വാദക ഹൃദയത്തിൽ നിലാവുകണക്കെ ഇശലുകൾ പെയ്തുനിറഞ്ഞപ്പോൾ മാപ്പിളപ്പാട്ട് മത്സരവേദി ഹൃദ്യമായി.
മോയിൻകുട്ടി വൈദ്യർ മുതൽ നവകാലമാപ്പിളപ്പാട്ട് കവികളായ ഒ.എം കരുവാരക്കുണ്ടും ബദറുദീൻ പാറന്നൂരും ഫൈസൽ കൊടുവള്ളിയും ഹംസ നാരോക്കാവും എന്നിവരുടെ വരെ വരികൾ താളവും ഭാവവും ചോർന്നുപോകാതെ കുട്ടിപ്പാട്ടുകാർ അവതരിപ്പിച്ചു.
പങ്കെടുത്ത പത്ത് പെൺകുട്ടികൾക്കും എ ഗ്രേഡ് ലഭിച്ച് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾ വ്യത്യസ്തത സൃഷ്ടിച്ചു. ആതിഥേയരായ മൈലപ്ര മൗണ്ട് ബഥനിയിലെ തെരേസ മറിയ വർഗീസിനാണ് ഒന്നാം സ്ഥാനം. മൈലപ്ര കൈരളീപുരം ഷിബു- മിൻസി ദമ്പതികളുടെ മകളാണ്.