മോണോആക്ടിൽ അച്ഛൻ ഗുരു; സഹോദരിമാർ വേദിയിൽ തിളങ്ങി
1377120
Saturday, December 9, 2023 11:52 PM IST
പത്തനംതിട്ട: അച്ഛൻ തെരഞ്ഞെടുത്ത പ്രമേയം വേദിയിൽ അവതരിപ്പിച്ച് മോണോആക്ട് മത്സരത്തിൽ മകൾ ഒന്നാം സ്ഥാനക്കാരിയായി. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയായ പത്തനംതിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ ജെ. ഗൗരിനന്ദന വേദിയിൽ അവതരിപ്പിച്ച വിഷയം തെരഞ്ഞെടുത്തത് വള്ളിക്കോട് പിഡിയുപി സ്കൂളിലെ അധ്യാപകൻ കൂടിയായ അച്ഛൻ ആർ. ജ്യോതിഷാണ്.
മഹാഭാരത യുദ്ധത്തിൽനിന്ന് തൊടുത്തുവിട്ട ശരം ഗാസയിൽ വന്നുവീണതും അവിടെയുണ്ടായ സ്ഫോടനങ്ങളുമെല്ലാം ചിത്രീകരിച്ചുകൊണ്ടായിരുന്നു ഗൗരിനന്ദന വേദിയെ വ്യത്യസ്തമാക്കിയത്. ഗാസയിലെ സ്ഫോടനത്തിലെ ഒരു കാൽ നഷ്ടപ്പെട്ട കുട്ടിയുടെ വേദന വേദിയിൽ ചിത്രീകരിക്കപ്പെട്ടു. ഹരിപ്പാട് രവിപ്രസാദാണ് പരിശീലനം നൽകിയത്. ഗൗരിനന്ദനയ്ക്ക് ഓട്ടംതുള്ളലിലും ഒന്നാം സ്ഥാനമുണ്ട്.
കലയെ സ്നേഹിക്കുന്ന ജ്യോതിഷിന്റെ ഇളയ മകൾ ദേവാനന്ദ യുപി വിഭാഗം മോണോആക്ടിൽ മൂന്നാം സ്ഥാനക്കാരിയായി. ഗൗരിനന്ദന പരിശീലിപ്പിച്ച മിത്ര ഹരി ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ രണ്ടാംസ്ഥാനക്കാരിയായതും അഭിമാനമായി. വള്ളിക്കോട് എൻഎസ്എസ് എച്ച്എസ് വിദ്യാർഥിനിയാണ് മിത്ര.
വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് വിധികർത്താക്കളെ സ്വാധീനിച്ചത്. ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങൾ വിരസത ഉളവാക്കുമെന്നും വിധികർത്താക്കൾ പറഞ്ഞു. നല്ല സ്ക്രിപ്റ്റ് കണ്ടെത്തി അവതരിപ്പിക്കുകയെന്നതും ഉച്ഛാരണ ശുദ്ധി വരുത്തുകയെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടണമെന്ന് വിധികർത്താക്കൾ പറഞ്ഞു.
ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ പത്തുപേർ മത്സരിക്കാനുണ്ടായിരുന്നു. എന്നാൽ ആൺകുട്ടികൾ മൂന്നുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.