കുമാരനാശാന്റെ ‘കരുണ’ സംസ്കൃത നാടകവേദിയിൽ
1377117
Saturday, December 9, 2023 11:52 PM IST
പത്തനംതിട്ട: സംസ്കൃതോത്സവം നാടകത്തിൽ എച്ച്എസ് വിഭാഗത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. കുമാരനാശാന്റെ ഖണ്ഡകാവ്യമായ "കരുണ' അരങ്ങിൽ എത്തിച്ചത് കൊടുമൺ ഗോപാലകൃഷ്ണനാണ്. നാടക രചനയും സംവിധാനവും അദ്ദേഹത്തിന്റേതാണ്. ലെനിൻ ഹരിദാസ് നാടകം മൊഴിമാറ്റം നടത്തി.
സുന്ദരിയായ വാസവദത്ത ബുദ്ധ ശിഷ്യനായ ഉപഗുപ്തനെ പ്രണയിക്കുന്നതാണ് കഥ. ധനമോഹിയും ദുർനടപ്പുകാരിയുമായ വാസവദത്ത കൊലപാതകിയായി മാറുകയും അധികാരികൾ കൈകാലുകൾ വിച്ഛേദിച്ച് ചുടുകാട്ടിൽ തള്ളുന്നതുമാണ് ഇതിവൃത്തം.
സംസ്കൃത അധ്യാപകനായ രമേശ് ബാബുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ കെ.കെ. മാളവിക, ദേവിക മോഹൻ, അക്ഷയ കൃഷ്ണ, മാധവ് മേനോൻ, ഭവാനി രാജേഷ് ശേഖർ, എസ്. നവീൻ കുമാർ, ആനന്ദ് അനീഷ്, ആദിത്യ കൃഷ്ണൻ, ജി. ആകർഷ്, ശ്രീദേവ് എന്നീ വിദ്യാർഥികളാണ് വേഷമിട്ടത്. ഇതേ നാടകത്തിൽ വാസവദത്തയായി വേഷമിട്ട അക്ഷയ കൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.