തിങ്ങിനിറഞ്ഞ് ശബരിമല സന്നിധാനം; ദർശനത്തിനു 13 മണിക്കൂറിലധികം ക്യൂ
1377116
Saturday, December 9, 2023 11:52 PM IST
ശബരിമല: ശബരിമലയില്‍ ഭക്തജനത്തിരക്കേറി. ദര്‍ശനത്തിനുള്ള കാത്തുനില്പ് 13 മണിക്കൂറിലേറെ നീണ്ടു. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച തിരക്ക് ഇന്നലെ പകലും തുടർന്നു. വെള്ളിയാഴ്ച മുതൽ പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലയ്ക്കല്‍, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഘട്ടംഘട്ടമായിട്ടാണ് പമ്പയിലേക്ക് അയച്ചത്.
മരക്കൂട്ടംവരെ നിര നീണ്ടതോടെ പമ്പയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വഴിയിലെ നിയന്ത്രണങ്ങൾ കൂടാതെ പന്പയിലെത്തിയതിനുശേഷം സന്നിധാനത്തേക്കുള്ള യാത്രയ്ക്കും കൂടുതൽ സമയം വേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പലപ്പോഴും തിരക്ക് നിയന്ത്രണാതീതമായി. പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റ ദിവസമായതും തിരക്ക് നിയന്ത്രണത്തിന് ബുദ്ധിമുട്ടായി.
മണിക്കൂറുകൾ ക്യൂ നിന്നവർ പലപ്പോഴും വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. ബാരിക്കേഡുകൾ നീക്കിയും വേലിക്കു പുറത്തു കൂടിയും പലരും നിര തെറ്റിച്ച് യാത്ര ചെയ്യുന്നത് കാണാമായിരുന്നു. പോലീസ് ഇടപെടൽ പലയിടത്തും ഉണ്ടായതുമില്ല.
കുട്ടികളും പ്രായമേറിയവരും അടക്കം ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. പന്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ഇന്നലെ പകൽ ഏറെ സമയവും കാൽകുത്താൻ പോലും ഇടമില്ലാതെ ഭക്തർ കാത്തു നിൽക്കുകയായിരുന്നു. മിനിറ്റില്‍ 60നും 70നും ഇടയില്‍ ആളുകളെ പതിനെട്ടാംപടി കയറ്റിവിടുന്നുണ്ട്. ഇതനുസരിച്ച് മണിക്കൂറില്‍ 4000 ലധികം തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താനാകുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെട്ടു.
സന്നിധാനം നടപ്പന്തലില്‍ നാല് മണിക്കൂറിലേറെയാണ് പലരും ക്യൂ നില്‍ക്കുന്നത്. പമ്പ മുതലുള്ള യാത്രയില്‍ കാത്തുനില്പ് 12 മണിക്കൂര്‍വരെ നീണ്ടിരുന്നു. മരക്കൂട്ടം പിന്നിടുമ്പോള്‍ തീര്‍ഥാടകരെ ക്യൂ കോംപ്ലക്സില്‍ കയറ്റി വിശ്രമിക്കാന്‍ അനുവദിച്ചശേഷമാണ് തുടര്‍ യാത്ര അനുവദിക്കുക.തിരക്ക് വർധിച്ചതോടെ ഹൈക്കോടതി ശബരിമല ബഞ്ച് ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.