ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ വേണം: പാസ്റ്ററല്‍ കൗണ്‍സില്‍
1377114
Saturday, December 9, 2023 11:52 PM IST
തിരുവല്ല: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കാനും വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനുമായി 2020ല്‍ നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു.
കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചിട്ടു മാസങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാട്ടുന്ന അലംഭാവത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.സഭയുടെ ഉത്സാഹിയായ പുത്രന്മരും പുത്രിമാരുമായി ആറ് അല്മായരെ പാസ്റ്ററല്‍ കൗണ്‍സിലിനുവേണ്ടി മദര്‍ ജോബ്സി എസ്ഐസി അനുമോദിച്ചു.
സഭാ നവീകരണവുമായി ബന്ധപ്പെട്ടു നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ വിലയിരുത്തലും അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന കെസിബിസി യുവജനവര്ഷാചരണത്തെ സംബന്ധിച്ച വിലയിരുത്തലും ആസുത്രണവും നടന്നു. വിവിധതലങ്ങളില്‍നിന്നുള്ള നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു. റിനോ സാക്ക് നന്ദി പറഞ്ഞു.