സമുദായത്തിന്റെയും സമൂഹത്തിന്റെയും ഭദ്രത പിതാക്കന്മാരില്: മാര്‍ പെരുന്തോട്ടം
1377112
Saturday, December 9, 2023 11:37 PM IST
ങ്ങനാശേരി: സമുദായത്തിന്റെയും സമൂഹത്തിന്റെയും ഭദ്രത പിതാക്കന്മാരിലാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ കുടുംബനാഥന്മാര്ക്കായുള്ള സംഘടനയായ പിതൃവേദിയുടെ നാല്പതാം ജന്മവാര്ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മെത്രാപ്പോലീത്തന്‍പള്ളി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ആധുനിക കാലഘട്ടത്തിലെ പുതിയ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് കുടുംബങ്ങളെ നയിക്കാനും മക്കളെ വിശ്വാസതീഷ്ണതയില്‍ വളര്‍ത്താനും മാതിപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ദാമ്പത്തിക ജീവിതത്തിന്റെ പരിശുദ്ധി കാത്തുപരിപാലിച്ച മഹത്തായ പാരമ്പര്യം മാര്‍ത്തോമ്മാ നസ്രാണി കുടുംബങ്ങള്‍ക്കുണ്ട്. ധാര്‍മിക അധഃപതനവും ശിഥിലതയും ഇന്ന് കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായും മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ജൂബിലി സന്ദേശം നല്കി. പിതൃവേദി സംഘടനയുടെ സ്ഥാപക ഡയറക്ടര്‍ റവ.ഡോ. ജോസ് ആലഞ്ചേരി, മുന്‍ പ്രസിഡന്റുമാര്‍, ആദ്യസമ്മേളനത്തില്‍ പങ്കെടുത്തവരുടെ പ്രതിനിധിയായ സി. പൗലോസ് അത്തിക്കളം എന്നിവരെ യോഗത്തില്‍ ആദരിച്ചു.
കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി, മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന ജോസഫ്, മാതൃവേദി അന്തര്‍ദേശീയ സെക്രട്ടറി ആന്‍സി മാത്യു, മുന്‍ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോബിന് എഫ്സിസി, ഭാരവാഹികളായ ജോഷി കൊല്ലാപുരം, സോയി ദേവസ്യ, സൈബു കെ. മാണി, ടി.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനുമുമ്പ് അരമനപ്പടിക്കല്നിന്ന് ആരംഭിച്ച ജൂബിലി റാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ ജംഗ്ഷനിലൂടെ റാലി മെത്രാപ്പോലീത്തന്‍ പള്ളി ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്നാണ് ജൂബിലി സമ്മേളനം നടന്നത്. റാലിയിലും സമ്മേളനത്തിലും അതിരൂപതയിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുത്തു.