പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയ നാല് യുവാക്കൾ പിടിയിൽ
1377105
Saturday, December 9, 2023 11:37 PM IST
പത്തനംതിട്ട: വിവാഹം കഴിക്കാനുള്ള ഉദ്ദേശത്തോടെ പതിനാലുകാരിയെ വീട്ടിൽനിന്നും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ചെന്നീർക്കര ഊന്നുകൽ പനക്കൽ എരുത്തിപ്പാട്ട് വലിയമുറിയിൽ വി.എസ്. അരുൺ (24), പ്രക്കാനം കൈമുട്ടിൽപ്പടി കാഞ്ഞിരം നിൽക്കുന്നതിൽ സജു സജി (22), ചെന്നീർക്കര മുട്ടത്തുകോണം പനക്കൽ എരുത്തിപ്പാട്ട് അജിഭവനം വീട്ടിൽ അജി ശശി (18), ഇലവുംതിട്ട നെടിയകാല കോട്ടൂർപ്പാറ തടത്തിൽ അഭിഷിക് (22) എന്നിവരെയാണ് കൊടുമൺ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
പെൺകുട്ടിയുമായി അരുണിനുണ്ടായിരുന്ന സൗഹൃദത്തെത്തുടർന്ന് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ കുട്ടിയുടെ വീട്ടിൽനിന്നും വെള്ളിയാഴ്ച രാത്രി ഒന്പതോടെ സുഹൃത്തുക്കളുടെ സഹായത്താൽ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു. സജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. അജിയാണ് വാഹനം ഓടിച്ചത്.
കാലൊടിഞ്ഞു വീട്ടിൽ വിശ്രമിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ സന്ദർശിക്കാനെന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം മടങ്ങിയപ്പോൾ കുട്ടിയെയും കൂട്ടിക്കൊണ്ടുപോരികയായിരുന്നുവെന്ന് പറയുന്നു. കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും സമീപ സ്റ്റേഷനുകളിലേക്ക് വിവരം ഉടനടി കൈമാറുകയും ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കൊടുമൺ, ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലെ പട്രോളിംഗ് സംഘങ്ങൾ ഊർജിതമായി നടത്തിയ തെരച്ചിലിൽ ഓട്ടോറിക്ഷ ചന്ദനപ്പള്ളി മൂന്നാം കലുങ്ക് ഭാഗത്തുനിന്നും കണ്ടെത്തി. വാഹനം കേടായതിനേ തുടർന്ന് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. രണ്ടുമുതൽ നാലുവരെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഇവരെ ചോദ്യം ചെയ്തപ്പോൾ കുട്ടിയും അരുണും ചന്ദനപ്പള്ളിയിലുണ്ടെന്ന് വെളിപ്പെടുത്തിയതിനേതുടർന്ന്, പോലീസ് സംഘം അവിടെയെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. അടൂർ ഡിവൈഎസ്പി ആർ. ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നാലംഗ സംഘത്തെ അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റു രേഖപ്പെടുത്തി.
പെൺകുട്ടിയെ പോലീസ് വീട്ടുകാർക്കൊപ്പം അയച്ചു. പോക്സോ നിയമപ്രകാരം അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. അന്വേഷണസംഘത്തിൽ കൊടുമൺ പോലീസ് ഇൻസ്പെക്ടർ പ്രവീൺ, എസ്ഐ രാജേഷ് കുമാർ, സിപിഒമാരായ ഷിജു, രാജീവൻ, പ്രദീപ്, സുനിൽ, ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സിപിഒ സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.