തെള്ളിയൂര്‍ക്കാവ് പരിസരങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു
1377104
Saturday, December 9, 2023 11:37 PM IST
കോഴഞ്ചേരി: തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തിനുശേഷമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച. രണ്ടാഴ്ചയോളം നീണ്ട വാണിഭവുമായി ബന്ധപ്പെട്ട് ആയിരകണക്കിനാളുകള്‍ പ്രതിദിനം എത്തിയ സ്ഥലത്ത് മാലിന്യനീക്കവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തോ ഒരു നടപടിയും എടുത്തിരുന്നില്ല.
താത്കാലിക കടകളും ഹോട്ടലുകളും പൊളിച്ച ശേഷമുള്ള പ്ലാസ്റ്റിക്, ജൈവ, അജൈവ മാലിന്യങ്ങള്‍ ദേവസ്വം ഭൂമിയില്‍ നിരന്നു കിടക്കുകയാണ്. തെരുവുനായ്ക്കളും പക്ഷികളും ഇവ കടിച്ചു കീറിയും കൊത്തി വലിച്ചും ക്ഷേത്രക്കുളവും സമീപത്തെ കുടിവെള്ള സ്രോതസുകളും മലിനമാക്കുന്നുണ്ട്. ദേവസ്വം ഓഡിറ്റോറിയത്തിന്റെ പരിസരം സദ്യയുടെ അവശി ഷ്ടങ്ങള്‍ കുമിഞ്ഞു കിടക്കുന്നതു കാരണം ദുര്‍ഗന്ധപൂരിതവുമാണ്.
ഗ്രാമപഞ്ചായത്ത് റോഡും പരിസരവും മാലിന്യം നിറഞ്ഞു കിടക്കുകയാണ്. തറവാടക വാങ്ങിയ ദേവസ്വം ബോര്‍ഡും നികുതി പിരിച്ച ഗ്രാമപഞ്ചായത്തും മാലിന്യങ്ങള്‍ നീക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.