നാടൻ പാട്ടിൽ പത്തനംതിട്ട മാർത്തോമ്മ സ്കൂൾ
1376824
Friday, December 8, 2023 11:16 PM IST
പത്തനംതിട്ട: "അരി അരിയോ തിരി തിരിയോ.....' പാക്കനാർ പാട്ട് വേദിയിൽ അവതരിപ്പിച്ച് ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയ പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിലെ കുട്ടികൾ ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ ഹാട്രിക് നേടി. ഹയർ സെക്കൻഡറി വിഭാഗത്തിലും പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിനു തന്നെയാണ് ഒന്നാം സ്ഥാനം.
തുടർച്ചയായ മൂന്നാം വർഷമാണ് മാർത്തോമ്മ എച്ച്എസ്എസിന് ഈ ഇനത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. തുടി നാട്ടറിവ് പഠനകേന്ദ്രത്തിലെ രാഹുൽ കൊച്ചാപ്പിയും അരുൺ വാവയുമാണ് കുട്ടികളെ നാടൻപാട്ട് പരിശീലിപ്പിക്കുന്നത്.
അക്സ മറിയം സജി, ഹെപ്സിബ ജെയിംസ്, നവ്യ സാറാ റെജി, എം.ആർ. ആർച്ച, ജ്യുവൽ രെഞ്ചി, എൻ.എം. മാളവിക, മിത്ര അനിൽ കുമാർ എന്നീ കുട്ടികളാണ് വേദിയിൽ എത്തിയത്. എച്ച്എസ്എസ് വിഭാഗത്തിൽ ആശിഷ സൂസൻ റെജിയും സംഘവുമാണ് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്.
കുന്പഴ വടക്ക് ശാലേം മാർത്തോമ്മ ഓഡിറ്റോറിയത്തിൽ നടന്ന നാടൻപാട്ട് മത്സരം ആസ്വദിക്കാൻ വൻ ജനാവലി ഉണ്ടായിരുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരങ്ങൾ ഇവിടെ നടന്നു.