ജില്ലാ കലോത്സവം നാട് ഏറ്റെടുത്തു
1376822
Friday, December 8, 2023 11:16 PM IST
മൈലപ്ര: ജില്ലാ കലോത്സവം മൂന്നുദിവസം കൊണ്ട് നാടിന്റെ ഉത്സവമായി മാറി. കലാ പ്രതിഭകൾക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ മൈലപ്രക്കാർ വീടുകളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.
സ്കൂൾ പരിസരത്തെ ഒട്ടേറെ വീടുകൾ കുട്ടികൾക്ക് മേക്കപ്പിടാനുള്ള ഗ്രീൻ റൂമുകളായി മാറിയിരിക്കുകയാണ്. വീടുകളിലെ സിറ്റൗട്ടിലും സ്വീകരണ ഹാളിലും മേക്കപ്പിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്ത് നാട്ടുകാർ കലോത്സവം വിജയമാക്കാൻ മുന്നിൽ തന്നെയുണ്ട്.
സംഘനൃത്തങ്ങൾക്കും മറ്റ് നൃത്തയിനങ്ങൾക്കും നാടൻ പാട്ടുകൾക്കും കുട്ടികൾക്ക് ഒരുങ്ങാൻ വേദികൾക്ക് സമീപമുള്ള ഗ്രീൻ റൂമുകളേക്കാൻ സൗകര്യം സമീപത്തെ വീടുകളാണ്. കുട്ടികൾക്ക് വിശ്രമിക്കാൻ വീടുകളിലെ മുറികൾ തന്നെ തുറന്നു നൽകി. ചില വീട്ടുകാർ ഭക്ഷണവും നൽകുന്നുണ്ട്.
മൈലപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളാണ് കലോത്സവത്തിലെ ഓരോ കമ്മിറ്റികളുടെയും ചെയർമാൻമാർ. കലാമേളയുടെ വിജയത്തിനായി അവർ വേദികളിലും സജീവമാണ്.യുവജനോത്സവങ്ങൾ മുൻകാലങ്ങളിലും മൈലപ്രയ്ക്ക് ഉത്സവമാണ്.
കുന്പഴ വടക്ക് മുതൽ മൈലപ്ര ജംഗ്ഷൻ വരെ വേദികൾ ഉള്ളതിനാൽ നാട് ഒന്നടങ്കം കലോത്സവത്തെ ഏറെ ആഹ്ലാദത്തോടെയാണ് വരവേറ്റിരിക്കുന്നതെന്നു പഞ്ചായത്തംഗം റെജി ഏബ്രഹാം പറഞ്ഞു.