കാവലാളായി ഒരു കലാകാരൻ
1376820
Friday, December 8, 2023 11:16 PM IST
മൈലപ്ര: കാക്കിക്കുള്ളിലെ കലാഹൃദയം മൈലപ്രയിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ക്രമസമാധാന ചുമതലയിലുണ്ട്. നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ പ്രശസ്തനായ പന്തളം വാലിയാങ്കൽ വീട്ടിൽ സാബു നാരായണനാണ് കലോത്സവ വേദിയിൽ ഡ്യൂട്ടിക്ക് എത്തിയത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് ഇദ്ദേഹം.
വെറും ഒരു കലാകാരൻ മാത്രമല്ല സാബു നാരായണൻ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ റോഷാക് ഉൾപ്പെടെ ഉള്ള നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ സാബുവിന് കഴിഞ്ഞിട്ടുണ്ട്. റോഷാക്, വനിത, മധുരമനോഹര മോഹം, കറുത്ത, പ്രണയം പൂക്കുന്ന കാലം, ലൗലി, അകത്തേക്ക് തുറക്കുന്ന ജാലകം തുടങ്ങി പതിനൊന്നോളം മലയാള സിനിമകളിലും നിരവധി സീരിയലുകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
2000ൽ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിജയിയായിരുന്നു. ഒരു മണിക്കൂറിൽ 24 നടൻമാരുടെ ഫിഗറുകൾ വേദിയിൽ അനായാസം അവതരിപ്പിച്ചയാളാണ് സാബു. കലോത്സവ നഗർ എന്നും തനിക്ക് ഒരു ആവേശമാണെന്ന് സാബു പറഞ്ഞു.