കൂട്ട് മുതൽ സൗമ്യം വരെ; ബിനു കെ. സാമിന്റെ ആശയം
1376819
Friday, December 8, 2023 11:16 PM IST
പത്തനംതിട്ട : കലോത്സവ വേദികൾക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള പേരുകൾ നൽകിയതിലൂടെ മൈലപ്രയിലെ സ്കൂൾ കലോത്സവം ശ്രദ്ധേയമായിട്ടുണ്ട്. മുൻകാലങ്ങളിൽ കലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖരെ അനുസ്മരിച്ചാണ് വേദികൾക്ക് പേരുകൾ ഇട്ടിരുന്നത്. ഇത്തവണ ഇതിൽനിന്നു വ്യത്യസ്തമായി ചിന്തിക്കാൻ പ്രോഗ്രാം കമ്മിറ്റി തയാറാകുകയായിരുന്നു.
പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ബിനു കെ. സാമാണ് പുതിയ ആശയം മുന്നോട്ടുവച്ചത്. ഓരോ വേദിയിലെയും മത്സര ഇനങ്ങൾ കൂടി കണക്കിലെടുത്ത് പേരുകൾ നൽകി. വേദി ഒന്നിന് കൂട്ട്, രണ്ട് കരുതൽ, മൂന്ന് പുഞ്ചിരി, നാല് കുട്ടിത്തം, അഞ്ച് നൻമ, ആറ് സൗഹൃദം, ഏഴ് ലാളിത്യം, എട്ട് ഒരുമ, ഒന്പത് സ്നേഹം, പത്ത് കനിവ്, പതിനൊന്ന് സൗമ്യം എന്നിങ്ങനെയാണ് പേരുകളിട്ടത്.
നിർദേശിച്ച പേരുകൾ പ്രോഗ്രാം കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. കുട്ടികളിൽ ജീവിത മൂല്യങ്ങളെപ്പറ്റി അറിവ് പകരുന്നതിനാണ് പുതുമയുള്ള പേരുകളിട്ടതെന്ന് ബിനു കെ. സാം പറഞ്ഞു.കൂട്ട് വേദിയിൽ തിരുവാതിര മത്സരങ്ങൾക്കിടയിലെ വിരസത മാറ്റാൻ, തിരുവാതിരയുടെ ഐതിഹ്യം, ചരിത്രം, ശൈലികൾ എന്നിവയെപ്പറ്റി അദ്ദേഹം സദസിന് അറിവ് പകർന്നു.