സ്ത്രീശക്തി സംഗമം നാളെ പ്രമാടത്ത്
1376817
Friday, December 8, 2023 11:16 PM IST
പത്തനംതിട്ട: സ്ത്രീശക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മഹിളാ സമന്വയവേദിയുടെ നേതൃത്വത്തിൽ നാളെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സ്ത്രീശക്തി സംഗമം - "ശബരീയം' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ പത്തിന് അഭിനേത്രി സൗപർണിക സുഭാഷ് ഉദ്ഘാടനം ചെയ്യും. ശബരീയം പ്രസിഡന്റ് ഡോ. കൃഷ്ണവേണി അധ്യക്ഷത വഹിക്കും.
തുടർന്ന് ഭാരതീയ സ്ത്രീ സങ്കൽപം എന്ന വിഷയത്തിൽ പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിവിധികളും എന്ന വിഷയത്തിൽ തിരുവനന്തപുരം സംസ്കൃത കോളജ് ന്യായവിഭാഗം അധ്യാപിക ഡോ. വി.ടി. ലക്ഷ്മി വിജയൻ പ്രഭാഷണം നടത്തും. ബിജെപി ജില്ലാ ഉപാധ്യക്ഷ ബിന്ദു പ്രസാദ് അധ്യക്ഷത വഹിക്കും.
രണ്ടിന് ബിഎംഎസ് ദേശീയ സമിതിയംഗം എസ്. ആശമോൾ പ്രഭാഷണം നടത്തും. മഹിളാ സമന്വയവേദി ജനറൽ സെക്രട്ടറി മിനി ഹരികുമാർ, മീന എം. നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.