ശബരിമല പാതയിൽ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്ക്
1376815
Friday, December 8, 2023 11:16 PM IST
പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിനും ചാലക്കയത്തിനും മധ്യേ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം അയ്യപ്പഭക്തര്‍ക്കു പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 1.45നായിരുന്നു അപകടം.
പരിക്കേറ്റവരില്‍ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് നിലയ്ക്കല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി.
നിലയ്ക്കലില്‍നിന്നും പമ്പയിലേക്കു പോയ ബസും പമ്പയില്‍നിന്നു നിലയ്ക്കലിലേക്കു വന്ന ബസുമാണ് കൂട്ടിയിടിച്ചത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്കു മാറ്റി.
അപകടത്തില്‍പെട്ട ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കൂടി സഹായത്തോടെ റോഡില്‍നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.