വെടിവഴിപാടിനുള്ള മരുന്നു സൂക്ഷിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്: ദേവസ്വം ബോര്‍ഡ്
1376808
Friday, December 8, 2023 11:03 PM IST
പത്തനംതിട്ട: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ക്ഷേത്രത്തില്‍നിന്നും ഒരു കിലോമീറ്ററിലധികം ദൂരം മാറി 100 അടിയോളം താഴ്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്.
വനംവകുപ്പില്‍നിന്നു പാട്ടത്തിനെടുത്ത ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഗോഡൗണിന്റെ മുന്നില്‍ സുരക്ഷയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്. ആരും അതിക്രമിച്ച് കയറാതിരിക്കാനും മൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാനുമായി വളരെ ഉയരത്തില്‍ ഫെന്‍സിംഗ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു. വെടിമരുന്ന് ഗോഡൗണും സ്ഥലവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംഘവും സന്ദര്‍ശിച്ചു.
വെടിവഴിപാട് ഉള്ളപ്പോള്‍ എല്ലാം കരാറുകാരന് ഈ ഗോഡൗണിലാണ് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ വെടിമരുന്ന് സൂക്ഷിച്ചു വരുന്നത്. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും കരാറുകാരനുമുണ്ട്.
കഴിഞ്ഞവര്‍ഷം നടന്ന അപകടത്തെത്തുടര്‍ന്ന് ബാക്കിയായ വെടിമരുന്ന് ഈ മണ്ഡല-മകരവിളക്ക് സീസണ് സമയത്ത് മാറ്റുന്നത് പ്രായോഗികമല്ലെന്നും സീസണ് കഴിഞ്ഞ ശേഷമേ വെടിമരുന്ന് മാറ്റുന്നതിനെക്കുറിച്ചൊ നിര്‍വീര്യമാക്കുന്നതിനെപ്പറ്റിയൊ നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കികൊണ്ട് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.