നവകേരള സദസിന് കോയിപ്രം പഞ്ചായത്തും ഫണ്ട് നല്‍കില്ല
1376807
Friday, December 8, 2023 11:03 PM IST
പുല്ലാട്: നവകേരള സദസിന്റെ സംഘാടനത്തിനും പ്രചാരണത്തിനുമായി തനതുഫണ്ടില്‍നിന്നും പണം നല്‍കേണ്ടതില്ലെന്ന് കോയിപ്രം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.
സര്‍ക്കാര്‍ നിർദേശപ്രകാരം 50,000 രൂപ ഫണ്ട് നല്കുന്ന വിഷയം ഇന്നലെ നടന്ന യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഹഡ്കോയില്‍നിന്നും പണം എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ചയ്ക്കെത്തിയിരുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട ഫണ്ട് കൊടുക്കുന്ന വിഷയം ചര്‍ച്ച ചെയ്ത യോഗത്തില്‍നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ റെനി രാജു വിട്ടുനിന്നു.
ആകെയുള്ള 17 അംഗങ്ങളില്‍ 15 പേര് മാത്രമാണ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തത്. ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ സി.ജി. ആശയും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
പങ്കെടുത്ത ബിജെപിയിലെ അഞ്ച് അംഗങ്ങളും യുഡിഎഫിലെ അഞ്ച് അംഗങ്ങളും നവകേരള സദസിനു ഫണ്ട് നല്‍കേണ്ടതില്ലെന്ന തീരുമാനത്തെ പിന്തുണച്ചു. വൈസ് പ്രസിഡന്റ് അടക്കം എല്‍ഡിഎഫിന് ആറ് അംഗങ്ങള്‍ ഉണ്ടെങ്കിലും അഞ്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.
ഇന്നലെ നടന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് യോഗത്തില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും വൈസ് പ്രസിഡന്റുമായ റെനി രാജു കുഴിക്കാല പങ്കെടുക്കാതിരുന്നതിനെ സംബന്ധിച്ച് അറിവില്ലെന്ന് പുല്ലാട് ലോക്കല്‍ സെക്രട്ടറി പ്രിന്റോ ബാബു പറഞ്ഞു.