വീടുകളിലെത്തി അമിതവില വാങ്ങി കര്ട്ടന് വ്യാപാരം നടത്തിയ മൂന്നംഗ സംഘം പിടിയില്‍
1376804
Friday, December 8, 2023 11:03 PM IST
കോഴഞ്ചേരി: വയോധികരായ ആളുകള്‍ താമസിക്കുന്ന വീട്ടിലെത്തി ബാംബൂ കര്ട്ടന് ഇട്ടശേഷം അവരെ കബളിപ്പിച്ച് അമിതമായി പണം കൈക്കലാക്കിയ കേസില്‍ മൂന്നുപേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി തഴവ വെട്ടുവിളശേരിയില് എസ്. ഹാഷിം (46), ശൂരനാട് അന്‍സു മന്‍സില്‍ തെക്കേമുറി വീട്ടില്‍ എന്‍. അന്‍സില്‍ (29), ശൂരനാട് സൗത്ത് കക്കാക്കുന്ന് കടമ്പാട്ട്വിള എന്‍. റിയാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
എര്‍ട്ടിഗ വാഹനത്തില്‍ പ്രതികള്‍ മൂന്നു പേരും കൂടി വിവിധ ഭാഗങ്ങളില്‍ കര്ട്ടന് വില്പനയ്ക്കായി കറങ്ങി നടന്ന് പ്രായമായ ആള്ക്കാര് മാത്രം താമസിക്കുന്ന വീടുകള്‍ കണ്ടെത്തുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞമാസം 30ന് ഉച്ചയ്ക്ക് ആറന്മുള സ്വദേശിയായ പ്രായമായ സ്ത്രീയുടെ വീട്ടില്‍ ഇവര്‍ എത്തുകയും ചതുരശ്ര അടിക്ക് 200 രൂപ നിരക്കില്‍ ബാംബൂ കര്ട്ടന് ഇട്ടു നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും കര്ട്ടന് ഇട്ട ശേഷം 45,000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീ തന്റെ കൈവശമുണ്ടായിരുന്ന 14,000 രൂപ നല്കി. ബാക്കി തുകയ്ക്കായി രണ്ട് ബ്ലാങ്ക് ചെക്കുകള്‍ പ്രതികള്‍ വാങ്ങുകയും അവയില്‍ ഒരു എണ്ണം അന്നുതന്നെ ബാങ്കില്‍ ഹാജരാക്കി 85,000 രൂപ കൂടി പിന്‍വലിച്ച് എടുക്കുകയുമായിരുന്നു. 10,000 രൂപയില്‍ താഴെ വിലയുള്ള കര്‍ട്ടനാണ് ഇവര്‍ സ്ഥാപിച്ചത്.
പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, എസ്ഐമാരായ അലോഷ്യസ്, ജയന്, നുജൂം, ഹരീന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. ജില്ലയില്‍ സമാനമായി നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുളള സംഘം കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുളളതായാണ് പോലീസിനു ലഭിച്ച വിവരം.
ബാംബൂ കര്ട്ടന്, കാര്‍പ്പെറ്റുകള്‍, ചവിട്ടികള്‍, ഫര്ണിച്ചറുള് തുടങ്ങിയവയുടെ വിപണനവും ഇക്കൂട്ടര്‍ക്കുണ്ട്. ചെറിയ തുക പറഞ്ഞു വീടുകളിലുള്ളവരെ പ്രലോഭിപ്പിച്ച് സാധനങ്ങള്‍ നല്‍കിയശേഷം അമിതപണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. പലരെയും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങുന്നത്.