ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ്: അരവിന്ദ് വെട്ടിക്കലിനെതിരേ ആറന്മുളയില് രണ്ട് കേസുകള്‍
1376802
Friday, December 8, 2023 11:03 PM IST
ആറന്മുള: സര്‍ക്കാര്‍ ആശുപത്രികളില്‍ സെക്യൂരിറ്റി ഗാര്‍ഡ്, നഴ്സ് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഖില്‍ വെട്ടിക്കലിനെതിരേ ആറന്മുളയിലും രണ്ടു കേസുകള്‍.
നിലയ്ക്കല്‍ അട്ടത്തോട് സ്വദേശിയും നിലവില്‍ ആറന്മുള കോഴിപ്പാലത്ത് താമസിച്ചു വരുന്നതുമായ അരവിന്ദ് വെട്ടിക്കല്‍ ഇടയാറന്മുള സ്വദേശിയായ യുവതിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നഴ്സായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ടിലൂടെ 80,000 രൂപ വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ഒരു കേസ്.
കോഴിപ്പാലം സ്വദേശിയായ യുവാവിന് കോഴഞ്ചേരി ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 40,000 രൂപ വാങ്ങിയ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. സെക്യൂരിറ്റി ജോലിക്കുള്ള നിയമന ഉത്തരവിന്റെ ഒരു കോപ്പി പരാതിക്കാരന് ലഭിച്ചിരുന്നു.
ഒറിജിനല്‍ തപാല്‍ വഴി എത്തുമെന്നാണ് അഖില്‍ അറിയിച്ചിരുന്നത്.2024 ജനുവരി 17നു ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ് അരവിന്ദ് വെട്ടിക്കല്‍. ആറന്മുളയില് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.