നാടകാധിപത്യം നിലനിർത്തി റിപ്പബ്ലിക്കൻ സ്കൂൾ
1376533
Thursday, December 7, 2023 11:19 PM IST
മൈലപ്ര: കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂൾ നാടകം മത്സരത്തിൽ ആധിപത്യം നിലനിർത്തി. തുടർച്ചയായ 28-ാം വർഷമാണ് റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികൾ യുപി വിഭാഗത്തിൽ ഒന്നാംസ്ഥാനത്തെത്തുന്നത്.
"സത്യത്തിന്റെ കണ്ണട' എന്ന നാടകമാണ് ഇക്കുറി സ്കൂൾ അവതരിപ്പിച്ചത്. നാടകങ്ങളും ഗുണപാഠകഥകളും പഠിപ്പിച്ചിരുന്ന തിലകൻ മാഷിന്റെ കണ്ണട മനുവും മഹേഷും ക്ലാസ് മുറിയിൽനിന്നും മോഷ്ടിക്കുന്നതാണ് കഥ. ഇവരുടെ അച്ഛൻ സ്ഥിരം മോഷ്ടാവാണെന്നിരിക്കേ മോഷണ പരമ്പരയ്ക്ക് തുടർച്ചക്കാരായി നാടിന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും കഥയിലുണ്ട്.
കണ്ണട നഷ്ടപ്പെട്ട അധ്യാപകൻ അപകടത്തിൽ മരിക്കുമ്പോൾ ഇതറിഞ്ഞ കുട്ടികൾ മനസു മാറി സ്കൂളിലെ തന്നെ മികച്ച വിദ്യാർഥികളാകുകയും അധ്യാപകന്റെ പേരിലുള്ള ബെസ്റ്റ് സ്റ്റുഡന്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. നാടക രചനയും സംവിധാനവും കൊടുമൺ ഗോപാലകൃഷ്ണന്റേതാണ്.
വിദ്യാർഥികളായ എസ്. ശ്രീദേവ്, അനിരുദ്ധ് ഉദയ്, ഷാരോൺ, ടി.ആർ. രാഹുൽ, ഏബൽ ജിജി ജോർജ്, അലൻ വർഗീസ്, അഭിനവ് ആർ. അനൂപ്, നീൽ നായർ, വൈഗാ സുരാജ്, ആവണി സുരേഷ് എന്നിവരാണ് അഭിനേതാക്കളായുണ്ടായിരുന്നത്.