കോൽക്കളി വേദിയിൽ സംഘർഷം
1376531
Thursday, December 7, 2023 11:16 PM IST
മൈലപ്ര: കോൽക്കളി വേദിയിൽ ഫലപ്രഖ്യാപനത്തേ തുടർന്ന് സംഘർഷം. ഹൈസ്കൂൾ വിഭാഗത്തിൽ മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളാണ് എച്ച്എസ് വിഭാഗം കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയത്. ഇത് അംഗീകരിക്കില്ലെന്നും പറഞ്ഞാണ് മറ്റ് മത്സരാർഥികൾ ബഹളം തുടങ്ങിയത്.
ഒരു വിഭാഗം വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറി സംഘാടക സമിതി ഭാരവാഹികളുമായി വാക്കേറ്റവും ഉന്തും തള്ളുമായി. ബഹളം കൈയ്യാങ്കളിയുടെ വക്കോളമെത്തി. അധ്യാപകർ തമ്മിലും വാക്കേറ്റം നടന്നു. പോലീസ് എത്തി വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബഹളം തുടർന്നു.
ഒടുവിൽ പോലീസ് ബലം പ്രയോഗിച്ച് ബഹളക്കാരെ പുറത്തേക്ക് കൊണ്ടുപോയി. മത്സര സമയത്തും സ്റ്റേജിൽ കയറി വിദ്യാർഥികൾ തടസമുണ്ടാക്കിയിരുന്നു. മാർത്തോമ്മ സ്കൂളിന്റെ കോൽക്കളി മത്സരത്തിനിടെ വൈദ്യുത തടസമുണ്ടായതും ഇവരുടെ പ്രകോപനത്തിന് കാരണമായി.
ഇതിനിടെ ബഹളമുണ്ടാക്കിയവർ വിദ്യഭ്യാസ ഉപഡയറക്ടറുടെ മുറിയിലേക്കും മീഡിയ റൂമിലേക്കും തള്ളിക്കയറാനും ശ്രമിച്ചു. കലോത്സവ സ്ഥലത്ത് ആവശ്യത്തിന് പോലീസിനെ നിയോഗിച്ചിട്ടില്ലെന്നു പരാതിയുണ്ട്. വനിതാ പോലീസ് ഉൾപ്പെടെ ഏതാനും പേർ മാത്രമാണുള്ളത്. സംഘർഷം സംബന്ധിച്ച് സംഘാടകർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.