ശിവകീർത്തനയ്ക്കു സ്വപ്ന സാക്ഷാത്കാരം
1376529
Thursday, December 7, 2023 11:16 PM IST
മൈലപ്ര: കടുത്ത മത്സരം നടക്കുന്ന ലളിതഗാനത്തിന് സംസ്ഥാന തലത്തിൽ മത്സരിക്കണമെന്ന ആഗ്രഹമാണ് ശിവകീർത്തനയ്ക്ക് പൂവണിഞ്ഞത്. ഹൈസ്കൂൾ വിഭാഗത്തിൽ "ശിവകാമി പാടുന്നു...' എന്ന പാട്ട് മനോഹരമായി പാടിയാണ് ശിവകീർത്തന ലളിതഗാന മത്സരത്തിൽ ഒന്നാമതെത്തിയത്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ശിവകീർത്തന.
കഴിഞ്ഞ തവണ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ മത്സരിക്കാൻ യോഗ്യത നേടിയിരുന്നു. ഇക്കുറിയും തമിഴ് പദ്യം ചൊല്ലലിൽ മത്സരിക്കുന്നുണ്ട്. അനില ജയരാജിന്റെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. വാഴമുട്ടം വലിയമഠത്തിനാൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥൻ മനോജ് കുമാറിന്റെയും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി സുമയുടെയും മകളാണ് ശിവകീർത്തന.