ജില്ലാ സ്കൂൾ കലോത്സവം: ലാസ്യം, നടനം, ഭാവം...
1376524
Thursday, December 7, 2023 11:16 PM IST
മൈലപ്ര: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംപ്രഭാതത്തിൽ വേദികൾ സമ്മിശ്ര കലാരൂപങ്ങളോടെയാണ് സജീവമായത്. ഗൃഹാതുരത്വമുണർത്തി മങ്കമാരുടെ തിരുവാതിര കളിയുടെ ലാസ്യ സൗന്ദര്യത്തിലായിരുന്നു മൗണ്ട് ബഥനിയിലെ ഒന്നാം വേദി. ആദ്യദിനത്തിൽ തുടങ്ങിവച്ച നാടകം മത്സരങ്ങളിൽ യുപി വിഭാഗം പൂർത്തീകരിക്കുന്ന തിരക്കായിരുന്നു രണ്ടാംവേദിയിൽ.
ഇതേവേദിയിൽ പിന്നാലെ സ്കിറ്റ്, മൈം മത്സരങ്ങൾ കൂടി എത്തിയപ്പോൾ അഭിനയ മികവിന്റെ പലരൂപങ്ങൾ ദൃശ്യമായി. ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി കലാരൂപങ്ങൾ രണ്ടാംവേദിയെ സന്പുഷ്ടമാക്കി.
കൂടുതൽ ആസ്വാദകർ എത്തിയതും ഈ വേദിയിലാണ്. ഓരോ മത്സരങ്ങൾ നടക്കുമ്പോഴും സദസിൽ ആവേശം പ്രകടമായിരുന്നു. ഫലപ്രഖ്യാപനം വരുമ്പോൾ വിധികർത്താക്കളെ ചിലർ ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു.
എസ്എച്ച് സ്കൂളിലെ ആറാംവേദിയിലെ മോഹിനിയാട്ടവും പിന്നാലെ നടന്ന നാടോടിനൃത്തവും ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. യുപി, ഹൈസ്കൂൾ, എച്ച്എസ്എസ് വിഭാഗങ്ങളുടെ മത്സരങ്ങൾ ഏറെനേരം നീണ്ടുനിന്നു. നൃത്തച്ചുവടുകൾ സജീവമാക്കിയതും ഈ വേദിയെയായിരുന്നു.
കിടങ്ങന്നൂര്‍ സ്കൂള്‍ മുന്നില്‍; ഉപജില്ലകളില്‍ പത്തനംതിട്ട
പത്തനംതിട്ട: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിന മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ്എസ് 158 പോയിന്റോടെ മുന്നിലെത്തി. കലഞ്ഞൂര്‍ ഗവണ്മെന്റ് എച്ച്എസ്എസ് 147 പോയിന്റോടെ രണ്ടാമതും ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ് 137 പോയിന്റോടെ മൂന്നാമതുമാണ്. വള്ളംകുളം നാഷണല്‍ എച്ച്എസ് 116, റാന്നി എസ്സി എച്ച്എസ്എസ് 113 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സ്കൂളുകളുടെ പോയിന്റ്.
ഉപജില്ലകളില്‍ പത്തനംതിട്ടയാണ് മുന്നില്‍. 446 പോയിന്റ് ആതിഥേയ ഉപജില്ലയ്ക്ക് ഇതുവരെ ലഭിച്ചു. മല്ലപ്പള്ളി 418, കോന്നി 412, തിരുവല്ല 394, അടൂര്‍ 385, റാന്നി 369, പന്തളം 331, ആറന്മുള 326, കോഴഞ്ചേരി 321, പുല്ലാട് 320, വെണ്ണിക്കുളം 283 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്.
ഹയര്‍ സെക്കന്‍ഡറിയില്‍ 78 പോയിന്റ് നേടി കലഞ്ഞൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മുന്നില്‍.
കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ്എസിന് 71 പോയിന്റും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസിന് 63 പോയിന്റും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ വള്ളംകുളം നാഷണല്‍ എച്ച്എസ് 91 പോയിന്റ് കരസ്ഥമാക്കിയിട്ടുണ്ട്. ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി എച്ച്എസ്എസിന് 71 പോയിന്റാണുള്ളത്. കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ്എസ് 62 പോയിന്റോടെ മൂന്നാമതുമുണ്ട്.
യുപി വിഭാഗത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് എച്ച്എസ്എസ് 33 പോയിന്റോടെ മുന്നിലാണ്. തിരുമൂലവിലാസം യുപിഎസിന് 28, എസ്വിജിവി എച്ച്എസ്എസ്, കിടങ്ങന്നൂര്‍ 25 എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റ് സ്കൂളുകള്‍.