അപകടങ്ങൾ തുടർക്കഥ: മണ്ണാരക്കുളഞ്ഞിയിൽ മൂന്നാമത്തെ ജീവൻ പൊലിഞ്ഞു
1376520
Thursday, December 7, 2023 11:01 PM IST
പത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും ജീവൻ പൊലിഞ്ഞു. മണ്ണാരക്കുളഞ്ഞി ആശുപത്രിപ്പടിയിൽ ഇന്നലെ രാവിലെ 11 ഓടെ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികനാണ് മരിച്ചത്.
വടശേരിക്കര പേഴുംപാറ സ്വദേശി വർഗീസാണ് (67) മരിച്ചത്. വടശേരിക്കരയിൽനിന്നും പത്തനംതിട്ടയിലേക്കുവന്ന വർഗീസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇതേ ദിശയിൽ വന്ന ലോറിയിടിച്ചാണ് അപകടം. ഇദ്ദേഹം തൽക്ഷണം മരിച്ചു.മൂന്നു ദിവസത്തിനിടെ മൈലപ്രയ്ക്കും മണ്ണാരക്കുളഞ്ഞിക്കുമിടയിൽ മൂന്നാമത്തെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്.
മൂന്ന് അപകടങ്ങളിലും സ്കൂട്ടർ യാത്രികരാണ് മരിച്ചത്.ഞായറാഴ്ച മൈലപ്ര വില്ലേജ് ഓഫീസ് പടിക്കൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഇടിച്ചു സ്വർണ പണിക്കാരനായ അംബി, പിറ്റേന്ന് മൈലപ്ര തയ്യിൽപ്പടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ഇന്നോവ ഇടിച്ച് സ്കൂട്ടർ യാത്രികനായ വടശേരിക്കര സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഇതു കൂടാതെ മണ്ണാരക്കുളഞ്ഞിയിലും കുന്പളാംപൊയ്കയിലുമായി ഈ ദിവസങ്ങളിൽ ചെറിയ അപകടങ്ങളുമുണ്ടായി.
കൊടുംവളവുകൾ
അമിതവേഗവും അശ്രദ്ധയുമാണ് പിഎം റോഡിലെ സ്ഥിരം അപകടങ്ങൾക്കു കാരണം. മണ്ണാരക്കുളഞ്ഞി ആശുപത്രി ജംഗ്ഷൻ ഏറെ അപകട മേഖലയായി മാറിയിട്ടുണ്ട്. ശബരിമല, റാന്നി പാതകൾ വേർതിരിയുന്ന ജംഗ്ഷനിൽ വാഹനങ്ങളുടെ ക്രോസിംഗ് അപകടങ്ങൾക്കു കാരണമാകുന്നു. യാതൊരുവിധ മുന്നറിയിപ്പുകളോ ട്രാഫിക് സിഗ്നലുകളോ പോലീസിന്റെ സേവനമോ മണ്ണാരക്കുളഞ്ഞിയിലില്ല.
മണ്ണാരക്കുളഞ്ഞിയിൽനിന്നും കുന്പഴ വരെയുള്ള ഭാഗത്തും അപകട സാധ്യതകളേറെയാണ്. കൊടുംവളവുകളും ഇറക്കവും നിറഞ്ഞതാണ് പാത. റോഡ് പുനർനിർമിച്ചെങ്കിലും എല്ലായിടവും ഒരേപോലെയല്ല, ഇനി പണികൾ പൂർത്തീകരിക്കാനുള്ള ഭാഗങ്ങൾ ഉണ്ട്. തിട്ടയോടു ചേർന്നു നിൽക്കുന്ന റോഡും ഈ ഭാഗത്തുണ്ട്. ഒരല്പം അശ്രദ്ധയിൽ വരുത്തിവയ്ക്കാവുന്നത് വൻ അപകടമായിരിക്കും.
മണ്ണാരക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേയുള്ള മൂന്നു വലിയ വളവുകളും അപകട സാധ്യത ഏറെയുള്ള സ്ഥലങ്ങളാണ്. പഞ്ചായത്തുപടി, പള്ളിപ്പടി, വില്ലേജ് ഓഫീസ് പടി, കുമ്പഴ വടക്ക് തുടങ്ങി എല്ലാ സ്ഥലവും അപകടമേഖലയായി മാറിയിരിക്കുന്നു.
പരിചയമില്ലാത്ത റോഡുകൾ
ശബരിമല മണ്ഡലകാലമായതിനാൽ ഒന്നിനൊന്ന് പിറകെ തീർഥാടക വാഹനങ്ങൾ ഇരുവശങ്ങളിലേക്കും കടന്ന് പോകുന്നുണ്ട്. പന്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളും ഇതിനൊപ്പമുണ്ട്. റോഡിനെക്കുറിച്ച് മുൻപരിചയമില്ലാത്തവരാണ് ഡ്രൈവർമാരിൽ നല്ലൊരു പങ്കും.
വളവും ഇറക്കവുമൊക്കെ വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടിവിടെ. ശബരിമലയിൽനിന്ന് മടങ്ങുന്നവരും പോകുന്നവരുമാണ് ഏറെയും അപകടങ്ങളിൽപെടുന്നത്. മണ്ഡല കാലത്തെങ്കിലും വേഗ നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ചാൽ വലിയ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.
വേഗനിയന്ത്രണ സംവിധാനമില്ല
റോഡിൽ വേഗനിയന്ത്രണ സംവിധാനമില്ലാത്തതാണ് അപകടത്തിന്റെ മറ്റൊരു കാരണം. തിരക്കേറിയ റോഡിലെ പ്രധാന ജംഗ്ഷനിൽപോലും ട്രാഫിക് ഐലൻഡ് ഇല്ല. എഐ കാമറകളും റോഡിൽ സ്ഥാപിച്ചിട്ടില്ല. മണ്ണാരക്കുളഞ്ഞി ആശുപത്രി ജംഗ്ഷൻ, മൈലപ്ര പള്ളിപ്പടി എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസിനെയും നിയോഗിച്ചിട്ടില്ല.
ലോറി ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. സ്കൂട്ടറില്‍ ഇതേദിശയില്‍ വന്ന തമിഴ്നാട് ലോറി ഓവര്‍ടേക്ക് ചെയ്താണ് അപകടം. തെങ്കാശി സ്വദേശിയായ ലോറി ഡ്രൈവര്‍ പലവേശമുത്തു(28)വിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
യോഗം ഇന്ന്
പത്തനംതിട്ട: മണ്ണാറക്കുളഞ്ഞിക്കും കുമ്പഴയ്ക്കുമിടയില് വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. ഇന്നു വൈകുന്ന്രേരം നാലിന് കളക്ടറേറ്റിലാണ് യോഗം. പോലീസ്, കെഎസ്ടിപി, ആര്‍ടിഒ, റോഡ് സുരക്ഷ അഥോറിറ്റി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് ചേരുന്നത്.