പത്തനംതിട്ട മുസലിയാർ കോളജിൽ ബോധവത്കരണ പരിപാടിയും മത്സരങ്ങളും
1376512
Thursday, December 7, 2023 11:01 PM IST
പത്തനംതിട്ട: വിവിധ സർക്കാർ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ പത്തംനതിട്ട മുസലിയാർ കോളജിൽ "പ്രതീക്ഷ -2023' എന്ന പേരിൽ ബോധവത്കരണവും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്നു കോളജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ഫുഡ് സേഫ്റ്റി വകുപ്പ്, പോലീസ് എന്നീ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണത്തോടെയാണ് പരിപാടി. ബോധവത്കരണത്തോടൊപ്പം പ്രസംഗം, ചിത്രരചന, ട്രോൾ ക്രിയേഷൻ എന്നീ വിഷയങ്ങളിൽ മത്സരം നടക്കും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്കൂൾ കോളജുകളിൽനിന്നായി ഇരുന്നൂറിലധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും. പത്തിന് രാവിലെ പത്തിന് കേരള ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ. ഷിബു അധ്യക്ഷത വഹിക്കും. ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംവാദവും ഉണ്ടാകും.
വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. പത്രസമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ എൽ. ലിജേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷാൻ എം. ആസിഫ്, പ്രഫ. ഉഷ ഗോപാലകൃഷ്ണൻ, പ്രഫ. എസ്.എസ്. ശാന്തു, ഡോ. രഞ്ജിത് തോമസ് എന്നിവർ പങ്കെടുത്തു.