ബാൻഡ് മേളത്തിൽ ആധിപത്യം നിലനിർത്തി ചെങ്ങരൂർ സെന്റ് തെരേസാസ്
1376309
Wednesday, December 6, 2023 11:20 PM IST
പത്തനംതിട്ട: ബാൻഡ് മേളത്തിൽ ആധിപത്യം നില നിർത്തി ചെങ്ങരൂർ സെന്റ് തേരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.
പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ രാവിലെ നടന്ന ബാൻഡ് മേളം മത്സരത്തിൽ ഇക്കുറി ഹൈസ്കൂൾ വിഭാഗത്തിൽ നാല് സ്കൂളുകൾ മത്സരിക്കാനെത്തി. ചെങ്ങരൂർ സെന്റ് തെരേസാസ് തുടർച്ചയായ 42 വർഷം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ നിരണം സെന്റ് മേരീസ് സ്കൂളിനാണ് രണ്ടാം സ്ഥാനം. വടശേരിക്കര എംആർഎസ്എൽവി സ്കൂളിലെ കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിലാകട്ടെ ചെങ്ങരൂർ സ്കൂളിനു വെല്ലുവിളി ഉയർത്താൻ ആരും എത്തിയില്ല. തുടർച്ചയായ വിജയമാണ് ഹയർ സെക്കൻഡറി വിഭാഗത്തിലും സ്കൂളിനു ലഭിച്ചത്.
സംസ്ഥാനതല മത്സരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ ടീം എ ഗ്രേഡ് നേടിയിരുന്നു. ഹൈസ്കൂൾ ടീമിന്റെ പ്രകടനം ഹയർ സെക്കൻഡറിയേക്കാൾ മെച്ചപ്പെട്ടതായിരുന്നുവെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
രണ്ടു വിഭാഗങ്ങളിലും 20 കുട്ടികളുടെ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്പതാം ക്ലാസ് വിദ്യാർഥിനി ജസീക്ക അന്ന ജോയും ഹയർ സെക്കൻഡറിയിൽ അന്ന മരിയ ഏബ്രഹാമുമാണ് ടീമുകളെ നയിച്ചത്.
കടുത്ത ചൂടിലാണ് സ്കൂൾ അങ്കണത്തിൽ മത്സരങ്ങൾ അരങ്ങേറിയത്. മത്സരം പൂർത്തിയായപ്പോഴേക്കും കുട്ടികൾ തളർന്നിരുന്നു.