ഉദ്ഘാടന യോഗത്തിൽ മുഴങ്ങിയത് ഫാ. തോമസ് പ്രശാന്ത് രചിച്ച സ്വാഗതഗാനം
1376303
Wednesday, December 6, 2023 11:16 PM IST
മൈലപ്ര: ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടന യോഗത്തിൽ അവതരിപ്പിച്ച സ്വാഗതഗാനം രചിച്ചത് ആതിഥേയ സ്കൂളിന്റെ മാനേജർ. ബഥനി സന്യാസ സമൂഹത്തിന്റെ സ്കൂളുകളുടെ മാനേജരായ ഫാ. തോമസ് പ്രശാന്ത് രചിച്ച ഗാനമാണ് ഇന്നലെ സ്വാഗതഗാനമായി അവതരിപ്പിച്ചത്.
ശ്രോതാക്കളെ പഴയകാല ഓർമയിലേക്ക് കൊണ്ടുപോകുന്നതായിരുന്നു ഗാനം.മൈലപ്ര മൗണ്ട് ബഥനി സ്കൂൾ സംഗീത അധ്യാപകനായ രാഗേഷ് പി. രഘുനാഥാണ് സംഗീത സംവിധാനം നിർവഹിച്ചത്.
അഞ്ച് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങുന്ന മൗണ്ട് ബഥനിയിലെ വിദ്യാർഥികളാണ് ഗാനം ആലപിച്ചത്. വിൽസൺ പൂങ്കാവിന്റേതായിരുന്നു ഓർക്കസ്ട്ര.
ഉദ്ഘാടന യോഗത്തിൽ കളക്ടറും പാടി
കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ എ. ഷിബുവും ഗായകനായി. കളക്ടറുടെ ഗാനാലാപനം സദസിന് ഏറെ ഹൃദ്യമായി.
ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രത്തിലെ "പ്രമദവനം വീണ്ടും ഋതുരാഗം ചൂടി...' എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്.