ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിലെത്തി; അത്യാഹിത വിഭാഗം കെട്ടിടം ഉടൻ പൊളിക്കും
1376295
Wednesday, December 6, 2023 11:02 PM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ നിലവിലെ അത്യാഹിത വിഭാഗം ഉടൻ പൊളിച്ച് പുതിയ കെട്ടിടം പണിയാനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തിൽ ധാരണ.
മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് പ്ലാനിംഗ് വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ആശുപത്രിയിലെത്തി സൂപ്രണ്ട്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയത്.
അത്യാഹിത വിഭാഗം കെട്ടിടം പൊളിക്കുന്നതോടെ നിലവിലെ സംവിധാനം ബി ആൻഡ് സി ബ്ലോക്കിലേക്ക് മാറ്റും.ഒപി വിഭാഗം പേ വാർഡ് കെട്ടിടങ്ങളിലേക്ക് മാറ്റാനും ധാരണയായി. ഡോക്ടേഴ്സ് ലെയ്നിൽനിന്ന് കാരുണ്യ ഫാർമസിക്കു സമീപത്തുകൂടി പുതിയ വഴി തുറക്കും.
ജനറൽ ആശുപത്രിയിൽ എൻഎച്ച്എം ഫണ്ട് കൂടി ഉപയോഗപ്പെടുത്തി നിർമിക്കുന്ന പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പണികൾ ഉടൻ ആരംഭിക്കും. നബാർഡ് സഹായത്തോടെ നിർമാണത്തിലുള്ള ഒപി വിഭാഗം കെട്ടിടത്തിന്റെ പണികളും ചേർത്ത് പുതിയ പ്ലാൻ തയാറാക്കാനും തീരുമാനിച്ചു.