പീഡന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ
1376293
Wednesday, December 6, 2023 11:02 PM IST
റാന്നി: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. റാന്നി പുല്ലൂപ്രം തടത്തിൽ ടി.എ. സുരേഷാണ് (സാജൻ-42) വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.
കെഎസ്ആർടിസി റാന്നി ഡിപ്പോയിലെ ഡ്രൈവറായ സുരേഷിനെതിരേ വെച്ചൂച്ചിറ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ഡിസംബർ 17 മുതൽ കഴിഞ്ഞ നവംബർ 25 വരെയുള്ള കാലയളവിൽ, യുവതിയുടെ വീട്ടിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വച്ചാണ് പീഡിപ്പിച്ചത്.
തുടർന്ന് വിവാഹം വാഗ്ദാനത്തിൽനിന്നു പിൻമാറുകയും നഗ്നഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
യുവതി സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം മൊഴി രേഖപ്പെടുത്തി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വെച്ചൂച്ചിറ പോലീസ്, ഇൻസ്പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സുരേഷ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്സിപിഒമാരായ പി.കെ. ലാൽ, ശ്യാം, അൻസാരി എന്നിവരാണ് ഉണ്ടായിരുന്നത്.